X
    Categories: indiaNews

തിരഞ്ഞെടുപ്പ് കഴിഞ്ഞു; കുതിക്കാന്‍ കാത്ത് ഇന്ധന വില

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുതിക്കാനൊരുങ്ങി രാജ്യത്തെ ഇന്ധന വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 130 ഡോളര്‍ പിന്നിട്ട സാഹചര്യത്തിലാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

യുക്രെയിനിലെ റഷ്യന്‍ ആക്രമണമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടാന്‍ കാരണമെന്നാണ് ന്യായീകരണം. ക്രൂഡോയിലിന് ഉണ്ടായ വര്‍ധനവ് ഇന്ത്യയിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. മാര്‍ച്ച് 16നകം 12 രൂപ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വര്‍ധിപ്പിക്കണമെന്ന പമ്പ് ഉടമകളുടെ ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്.

ഫിസ്‌ക്കല്‍ കമ്മി കുറയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് ബജറ്റിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടി വരും. 15 മുതല്‍ 22 രൂപ വരെയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും പ്രതീക്ഷിക്കുന്ന വില വര്‍ധന. പാചക വാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതോടെ സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. രൂപയുടെ മൂല്യത്തകര്‍ച്ചയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാല് മാസമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. എന്നാല്‍ ഗോവ, യു. പി, ഉത്തരാഖണ്ഡ്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ വീണ്ടും വില കൂട്ടാനാണ് നീക്കം.

Test User: