X

കോണ്‍ഗ്രസ് ഉന്നയിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കണം: കപില്‍ സിബല്‍

ഹരിയാന തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മിനെ സംബന്ധിച്ചുണ്ടായ കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നയം വ്യക്തമാക്കണമെന്ന് രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. തെരഞ്ഞെടുപ്പില്‍ ഇ.വി.എം മെഷീനുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇ.വി.എമ്മിലെ ക്രമക്കേടുകള്‍ ഉന്നയിച്ചുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവുകള്‍ നല്‍കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇ.വി.എമ്മുകളുടെ ദുരുപയോഗം എത്രത്തോളം സംഭവിക്കുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അതിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും ചില സീറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തിലുണ്ടായ പ്രശ്‌നങ്ങളും ക്രമക്കേടുകളും കാണിച്ച് മെമ്മോ സമര്‍പ്പിച്ചിട്ടുള്ളതായും ഉചിതമായ നിര്‍ദേശങ്ങള്‍ കമ്മീഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമയത്ത് ഇ.വി.എം മെഷീനുകള്‍ക്ക് ക്രമക്കേടുകള്‍ ഉണ്ടായിരുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വോട്ടെണ്ണല്‍ സമയത്ത് ചില ഇ.വി.എമ്മുകള്‍ക്ക് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതായും 20 നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. പത്ത് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷവും ഹരിയാനയില്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചു പിടിക്കാന്‍ കഴിയാത്തതില്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

webdesk13: