X

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ അന്വേഷണം ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം. വര്‍ഗീയ പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയ്യാറാണോ എന്നും മോദി പ്രസംഗത്തില്‍ ചോദിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നാണ് എന്നും മോദി പറഞ്ഞിരുന്നു. രാജ്യത്തിന്റെ സമ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശികള്‍ ന്യൂനപക്ഷങ്ങള്‍ ആണെന്ന് 10 വര്‍ഷം മുമ്പ് മന്‍മോഹന്‍ സിങ്ങ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ അവതരിപ്പിച്ച് കൊണ്ടാണ് മോദി ഈ പ്രസംഗം നടത്തിയത്.
എന്നാല്‍ പ്രസംഗം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു. ഈ നിലപാടില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

webdesk13: