X

‘വിദ്യാഭ്യാസ സമ്പ്രദായം തകർന്നു’; നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചതിൽ രാഹുൽ ഗാന്ധി

നീറ്റ്-പി.ജി പരീക്ഷ മാറ്റിവച്ചതിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. വിദ്യാഭ്യാസ സമ്പ്രദായം തകർന്നുവെന്നതിന്‍റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണ് പരീ‍ക്ഷ മാറ്റിവെക്കലെന്ന് അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ നീറ്റ് പി.ജിയും മാറ്റിവച്ചു! നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണിത്. ബി.ജെ.പി ഭരണത്തിൽ പഠിച്ച് കരിയർ കെട്ടിപ്പടുക്കുന്നതിന് പകരം, തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാറിനെതിരെ പോരാടാൻ വിദ്യാർഥികൾ നിർബന്ധിതരാണ്” -രാഹുൽ പറഞ്ഞു.

പേപ്പർ ചോർച്ച റാക്കറ്റിനും വിദ്യാഭ്യാസ മാഫിയക്കും മുന്നിൽ മോദി പൂർണ്ണമായും നിസ്സഹായനാണ്. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും രാജ്യത്തിന്‍റെ ഭാവിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷകളുടെ സമഗ്രത സംബന്ധിച്ച് അടുത്തിടെ ഉയർന്നുവന്ന ആരോപണങ്ങൾ കണക്കിലെടുത്ത്, നീറ്റ്-പി.ജി പ്രവേശന പരീക്ഷ പ്രക്രിയകളുടെ ദൃഢതയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിനാൽ പരീക്ഷ മാറ്റിവെക്കുന്നുവെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിൽ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി.

പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി മുൻ ഐ.എസ്.ആർ.ഒ മേധാവി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിച്ചു. നീറ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

webdesk13: