പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ദക്ഷിണഗോവയിലെ മാര്‍ഗോ ജില്ലയിലെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഗോവന്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം.
ഫെബ്രുവരി ആറിന് നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ നിര്‍ദ്ദേശം പുറപ്പടുവിച്ചത്. സന്ദര്‍ശനദിവസം ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ കോളേജുകളും അടച്ചിടാനാണ് നിര്‍ദ്ദേശം. ജില്ലയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
മോദി സംസാരിക്കുന്ന പരിപാടിയിലേക്ക് കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അയക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
06/02/2024 ന് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത്, മര്‍ഗോവിലെ എല്ലാ കോളേജുകളും ഉച്ചയ്ക്ക് 12 മണിക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അതത് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉച്ചയ്ക്ക് 1 മണിക്ക് മര്‍ഗോവ് കെടിസി ബസ് സ്റ്റാന്‍ഡിലേക്ക് പ്രിന്‍സിപ്പല്‍മാര്‍ ഡെപ്യുട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, ‘ഗോവ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഈ നടപടിയെ വിമര്‍ശിച്ചു. ‘ഈ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കാന്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഇത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമാണ്. പൊതുയോഗത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം, എന്നാല്‍ നിര്‍ബന്ധിക്കേണ്ടതില്ല, ‘എന്‍.എസ്.യു.ഐ. യുടെ ഗോവ പ്രസിഡന്റ് നൗഷാദ് ചൗധരി പറഞ്ഞു.
അതേ സമയം മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച ഒരുക്കങ്ങള്‍ മാര്‍ഗോവില്‍ പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പഴയ മരങ്ങള്‍ വെട്ടിമാറ്റിയത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയതായി ‘ഓ ഹെറാള്‍ഡോ’ റിപ്പോര്‍ട്ട് ചെയ്തു. കദംബ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മരങ്ങളാണ് വെട്ടിമാറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.