‘സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയത്’; പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയ ഷോപ്പ് ഉടമയുടെ മൊഴി

 

കണ്ണൂര്‍ പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ മൊഴി നല്‍കി. താന്‍ തന്നെയാണ് മരുന്ന് എടുത്ത് നല്‍കിയതെന്നും ഉടമ ഇ.കെ നാസര്‍ വ്യക്തമാക്കി. അതേസമയം മരുന്ന് കഴിക്കേണ്ട അളവ് എഴുതിക്കൊടുത്തില്ലെന്നും മൊഴിയുണ്ട്. മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നിലവില്‍ കുഞ്ഞിന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. കഴിഞ്ഞ ദിവസം യുവജന സംഘടനകള്‍ ഖദീജ മെഡിക്കല്‍സിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മരുന്ന് മാറി നല്‍കിയ ജീവനക്കാര്‍, ഷോപ്പ് ഉടമ എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച്ച പനിയെ തുടര്‍ന്ന് വെങ്ങര സ്വദേശി സമീര്‍ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കില്‍ കാണിക്കുകയായിരുന്നു. ഡോക്ടര്‍ പനിക്കുള്ള കാല്‍പോള്‍ സിറപ്പ് കുറിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ കുഞ്ഞിന് നല്‍കി. ഇതോടെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുനന്ു.

ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയ കാര്യം കുടുംബം മനസ്സിലാക്കുന്നത്. സിറപ്പിന്റെ അളവില്‍ ഡ്രോപ്പ്സ് നല്‍കിയതോടെ കുഞ്ഞിന്റെ കരളിനെ അത് ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

 

 

webdesk17:
whatsapp
line