ന്യൂഡല്‍ഹി: ആണവ വിമുക്തമായ ലോകം എന്ന ഉദാത്തമായ സ്വപ്‌നമാണ് എക്കാലത്തും ഇന്ത്യ പുലര്‍ത്തി പോന്നതെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് ഏതു കാലത്തും സ്ഥിരവും സുവ്യക്തവുമായ നിലപാടാണ് ന്യൂക്ലിയര്‍ ശക്തികളോട് ഉണ്ടായിരുന്നത്. ന്യൂക്ലിയര്‍ ശക്തിയും സമ്പത്തും രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തണം. ഇത് ദുരുപയോഗപ്പെടുത്തുന്നതിനെ പാടെ എതിര്‍ക്കുകയാണ് ഇന്ത്യ ചെയ്തിരുന്നത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളിലൂടെ രാഷ്ട്രീയ നന്മയ്ക്കും ലോക സമാധാനത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പൂര്‍വികരായ നേതാക്കന്മാര്‍ രാജ്യത്തിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും അവരോട് എക്കാലത്തും കടപ്പാട് ഉണ്ടാകണം. 1988 ല്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ ആശയം നടപ്പാക്കുന്നതിനു വേണ്ടി വിശദമായ കര്‍മപദ്ധതി തന്നെ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച് 2005 ല്‍ അന്നത്തെ യു.പി. എ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വിഷയം കൊണ്ടുവരികയും അത് വിദേശകാര്യ മന്ത്രിയായിരുന്ന നട്‌വര്‍സിങ് അവതരിപ്പിക്കുകയും ചെയ്തു.
രാസ,ജൈവായുധങ്ങള്‍ ആയിരുന്നാലും ടോക്‌സിന്‍ ആയുധങ്ങളായിരുന്നാലും ശക്തമായ നിലപാട് നമ്മള്‍ എടുത്തിട്ടുണ്ട്. നമ്മുടെ രാജ്യം പൂര്‍വകാല നേതാക്കളോട് കടപ്പെട്ടിരിക്കുകയാണ്. അവരുടെ ദീര്‍ഘവീക്ഷണം അത്രയ്ക്ക് വലുതായിരുന്നു. എല്ലാവരും സഹവര്‍ത്തിത്വത്തോടെ കഴിയണമെന്നും ലോകസമാധാനം നിലനില്‍ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെയാണ്‌നനമുക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത്തരം സംഗതികളില്‍ ഇന്ത്യക്ക് കൃത്യമായ ഭരണസംവിധാനത്തിലുള്ള അടിത്തറ തന്നെയുണ്ട്. ന്യൂക്ലിയര്‍ ആയുധം ഏതെങ്കിലും യുദ്ധത്തിന് ഉപയോഗിക്കുമോയെന്നു ലോകം തന്നെ ഭയപ്പാടിലാണ്.
മാത്രമല്ല അത് ഒരിക്കല്‍ സംഭവിക്കുകയാണെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താകുമെന്നും ഇന്ന് ജീവിക്കുന്ന മനുഷ്യര്‍ക്കും ഭാവി തലമുറക്കും എന്തെല്ലാം വിപത്തുകള്‍ അത് വരുത്തിവെക്കുമെന്ന കാര്യം ഗൗരവമായി നമ്മള്‍ ആലോചിക്കണം. അത് ഉണ്ടാക്കാന്‍ പോകുന്ന നാശനഷ്ടങ്ങളെ നാം അമ്പരപ്പോടെ നോക്കിക്കാണുകയാണ്.
ഐക്യരാഷ്ട്രസഭയുടെ 1540-ാം പ്രമേയ പ്രകാരം ഇത്തരം ശക്തികള്‍ക്ക് ഏതുവിധ സഹായം ചെയ്തു കൊടുക്കുന്നതും പാടില്ലാത്ത താണ്. ഇതിനെതിരായിട്ടുള്ള ശക്തമായ നിലപാടെടുക്കാന്‍ എല്ലാ രാഷ്ട്രങ്ങളും ബാധ്യസ്ഥരാണ്. ഈ ബില്ലില്‍ കൂട്ടിച്ചേര്‍ക്കുന്നത് ചെറിയൊരു ഭേദഗതി ആണെങ്കില്‍ പോലും ഈ ബില്ലിന് വളരെ നിര്‍ണായകമായ ദൗത്യം നിര്‍വഹിക്കാനുണ്ട്. ഇത്തരം രാസായുധങ്ങളും ജൈവായുധങ്ങളുമെല്ലാം രാജ്യത്തിന് അകത്ത് തന്നെയുള്ള തീവ്രവാദ ശക്തികളുടെ കയ്യില്‍ പെട്ടിരിക്കുന്നുവോ എന്ന് പോലും സംശയം ഉയര്‍ന്നുവരികയാണ്.
ഇങ്ങനെ ഒരു നിയമം കൊണ്ടു വരുമ്പോള്‍ അതിനെ ദുരുപയോഗപ്പെടുത്തുന്നതിനെയും കരുതിയിരിക്കണം. അത്തരം കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇതിനു മുന്‍പ് പങ്കുവച്ചിരുന്നു. അക്കാര്യത്തിലും ഗവണ്‍മെന്റ് ജാഗ്രത പാലിക്കണം. ഈ ബില്ല് ഐക്യകണ്‌ഠേന തന്നെ പാസാക്കാമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.