മസ്ജിദ് ക്ഷേത്ര വിവാദത്തിന് വീണ്ടും തിരി കൊളുത്തി അഖാര മേധാവി. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ മസ്ജിദുകളാക്കിയിട്ടുണ്ടെന്നും അവ വീണ്ടും ക്ഷേത്രങ്ങളാക്കി മാറ്റണമെന്നാണ് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരിയുടെ ആവശ്യം. മതപ്രചാരണത്തിനായി ഇന്ത്യയുടനീളം സഞ്ചരിച്ചപ്പോള്‍ താന്‍ കണ്ട മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമായിരുന്നു എന്നായിരുന്നു രവീന്ദ്ര പുരിയുടെ വാദം.
‘മതപ്രചാരനത്തിനായി ഞാന്‍ ഇന്ത്യയിലുടനീളം ഒരു പര്യടനത്തിന് പോയപ്പോള്‍, മിക്ക പള്ളികളുടെയും താഴികക്കുടം ഒരു ക്ഷേത്രത്തിനോട് സാമ്യമുള്ളതായി എനിക്ക് തോന്നി. പള്ളികളില്‍ സനാതന ചിഹ്നങ്ങള്‍ ഉള്ളതായി നിങ്ങള്‍ക്ക് കാണാം. ഏകദേശം 80 ശതമാനം മുസ്ലിം പള്ളികളും പുരാതന ക്ഷേത്രങ്ങളാണ്,’ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി. ‘പള്ളികളാക്കി മാറ്റിയ ഞങ്ങളുടെ പുരാതന ക്ഷേത്രങ്ങള്‍ ഒഴിപ്പിക്കണം, ഞങ്ങള്‍ തയ്യാറാണ്. ഒരു ക്ഷേത്രത്തിന്റെ മുകളില്‍ നിര്‍മിച്ച മസ്ജിദുകള്‍ പൊളിച്ച് മാറ്റണം. മഹാ കുംഭത്തില്‍ നിന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു,’ രവീന്ദ്ര പുരി പറഞ്ഞു.
തങ്ങള്‍ ഒരു സനാതന്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോവുകയാണെന്നും പുരി പറഞ്ഞു. ജനുവരി 27ന്, ഒരു ധര്‍മ സന്‍സദ് സംഘടിപ്പിക്കുമെന്നും അവിടേക്ക് രാജ്യത്തെയും ലോകത്തെയും പ്രമുഖ ദര്‍ശകരെ ക്ഷണിച്ചിട്ടുണ്ടെന്നും പുരി കൂട്ടിച്ചേര്‍ത്തു. ‘ധര്‍മ സന്‍സദിലെ പ്രധാന വിഷയം സനാതന്‍ രൂപീകരണമായിരിക്കും. വഖഫ് ബോര്‍ഡ് പോലെ നമ്മുടെ മഠവും ക്ഷേത്രങ്ങളും സുരക്ഷിതമാക്കും,’ പുരി പറഞ്ഞു.
സമീപകാലത്തായി മസ്ജിദുകളുടെയും ദര്‍ഗകളുടെയും മേല്‍ അവകാശവാദം ഉന്നയിച്ചുള്ള തീവ്ര ഹിന്ദുത്വവാദികളുടെ വരവ് അധികരിച്ചിരുന്നു. പിന്നാലെ 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകള്‍ ഫയല്‍ ചെയ്യാനാകില്ലെന്ന് ഡിസംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
നിലവിലുള്ള മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളില്‍ സര്‍വേകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഇടക്കാല അല്ലെങ്കില്‍ അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി എല്ലാ കോടതികളെയും വിലക്കിയിരുന്നു.