ന്യൂഡല്‍ഹി: ജാമ്യ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം നീട്ടിക്കൊണ്ടുപോകുന്നത് മറ്റു കേസുകള്‍ പരിഗണിക്കുന്നതിനുള്ള കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച്. ജാമ്യ ഹര്‍ജികളില്‍ പരമോന്നത നീതി പീഠം മുമ്പാകെ നടക്കുന്ന വാദങ്ങള്‍ 10 മിനുട്ടില്‍ ഒതുങ്ങണമെന്നും തുടര്‍ന്ന് കോടതി തീരുമാനം എടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹി കലാപക്കേസില്‍ ജാമ്യം നിഷേധിച്ച നടപടിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എ.എസ ഓക എന്നവരുള്‍പ്പെട്ട ബെഞ്ചിന്റെ പരാമര്‍ശം.
ഡല്‍ഹി ഹൈക്കോടതി തന്റെയും കൂട്ടുപ്രതി ഉമര്‍ ഖാലിദിന്റെയും ജാമ്യ ഹര്‍ജി പരിഗണിക്കവെ, തന്നെ ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനായി വിശേഷിപ്പിച്ചുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇതെന്നും ഷര്‍ജീല്‍ വാദിച്ചു. കേസിന്റെ തുടര്‍ന്നുള്ള നടപടികളെ കോടതി നിരീക്ഷണം സ്വാധീനിക്കുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്, ഇത്തരം വിഷയങ്ങളൊന്നും ശിക്ഷാ വിധി സംബന്ധിച്ച അന്തിമ അപ്പീലിന്മേല്‍ ഉന്നയിച്ചാല്‍ മതിയെന്നും ജാമ്യഹര്‍ജിയിലെ വാദം നീട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയത്. കേസില്‍ ഉമര്‍ ഖാലിദിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.