കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.
സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.
യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.
നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.