ന്യൂഡല്‍ഹി: റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്. നാളെ പരീക്ഷണാടിസ്ഥാനത്തില്‍ കറന്‍സി പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. തിരഞ്ഞെടുത്ത എട്ട് ബാങ്കുകള്‍ വഴിയാണ് ഇവ ഇടപാടുകാരിലേക്ക് എത്തിക്കുക. നിലവിലെ നോട്ടുകളുടേയും നാണയങ്ങളുടേയും അതേ ഡിനോമിനേഷനില്‍ ടോക്ക ണ്‍ മാതൃകയിലാണ് കറന്‍സി പുറത്തിറക്കുക.
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി പ്രോഗ്രാമില്‍ പങ്കാളികളാകുന്ന ബാങ്കുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ വഴി മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇടപാട്. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്കും വ്യക്തികളില്‍ നിന്ന് മര്‍ച്ചന്റ് വാലറ്റുകളിലേക്കും ഡിജിറ്റല്‍ കറന്‍സി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. ക്യൂ.ആര്‍ അടിസ്ഥാനമാക്കിയായിരിക്കും കൈമാറ്റം. ഡിജിറ്റല്‍ കറന്‍സിയായി തന്നെ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കാവുന്ന ഈ തുക ആവശ്യമെങ്കില്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപമാക്കി മാറ്റി ബാങ്കില്‍ നിന്ന് സാധാരണ കറന്‍സിയാക്കി മാറ്റി വാങ്ങാം. ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളില്‍ നാല് ബാങ്കുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി. എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പങ്കാളിയാകുന്നത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവയാണ് തിരഞ്ഞെടുത്ത നഗരങ്ങള്‍.
രണ്ടാം ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും അഹമ്മദാബാദ്, ഗാങ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്‌നോ, പട്‌ന, ഷിംല എന്നീ നഗരങ്ങളും പദ്ധതിയുടെ ഭാഗമാകും.