പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത 66ന്റെ വികസന പ്രവൃത്തികളെത്തുടര്‍ന്ന് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്‍, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആവശ്യമായ അടിപ്പാതകളോ മേല്‍പാലങ്ങളോ യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങളോ മറുവശത്തേക്ക് കടക്കാന്‍ മറ്റു സൗകര്യങ്ങളോ ഏര്‍പ്പെടുത്താത്തതിനാല്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് വന്‍തോതില്‍ അസൗകര്യം ഉണ്ടായിരിക്കുകയാണ്. അതേത്തുടര്‍ന്നുളവായിട്ടുള്ള ഗതാഗതക്കുരുക്കും തുടര്‍ച്ചയായുള്ള അപകടങ്ങളും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്.
പ്രദേശവാസികള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍ദ്ദിഷ്ട സമയത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. ഈ പരിഹാരനടപടികള്‍ മേഖലയിലെ സുപ്രധാന റോഡായ ദേശീയപാത 66 ന്റെ സുരക്ഷിതത്വത്തിനും അനിവാര്യമാണെന്ന് 377ാം വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.