തിരുവനന്തപുരം: പെറ്റിക്കേസുകളുടെ പേരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) നിഷേധിക്കരുതെന്ന് ഡി.ജി.പിയുടെ നിര്‍ദേശം. വ്യക്തത വരുത്തി ഡി.ജി.പി പുതിയ ഉത്തരവിറക്കി. നിലവില്‍ പഠനാവശ്യത്തിനും ജോലിക്കും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് പൊലീസാണ്. സ്ഥിര താമസക്കാരും ദീര്‍ഘനാളായി സംസ്ഥാനത്ത് തങ്ങുന്നവരും അതാത് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
എന്നാല്‍, നിസാര കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പലപ്പോഴും പൊലീസ് ക്ലിയറന്‍സ് നല്‍കാറില്ല. പെറ്റി കേസുകളില്‍ പെട്ടവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിച്ച കേസില്‍ പിഴ അടച്ചവര്‍ക്ക് പോലും നിലവില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ടെന്നും തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചതോടെയാണ് ഡി.ജി.പിപുതിയ ഉത്തരവിറക്കിയത്.