X

ചെകുത്താന്മാര്‍ വേദമോതുന്നു-കെ.എം ഷാജഹാന്‍

കെ.എം ഷാജഹാന്‍

ഇക്കഴിഞ്ഞ ജനുവരി 10ന് ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയത് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലിയാണെന്നും, അയാള്‍ കുറ്റംസമ്മതിച്ചുവെന്നും വാര്‍ത്തകളുണ്ട്. ധീരജിന്റെ കൊലപാതകം വ്യാപകമായി അപലപിക്കപ്പെടുകയുണ്ടായി. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ചെറുപ്പക്കാരന്റെ മരണം കുടുംബത്തിനുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ്. കൊലപാതകം നടത്തിയ വ്യക്തി കൈയ്യില്‍ കത്തികരുതിയിരുന്നു എന്നത്, ആസൂത്രിതമായിരുന്നു കൊലപാതകം എന്നതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കുറേ കാലങ്ങള്‍ക്കു ശേഷം കലാലയങ്ങളിലേക്ക് കൊലപാതക രാഷ്ട്രീയം കടന്നുവരാന്‍ ഈ സംഭവം ഇടയാക്കി എന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഈ സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് കോണ്‍ഗ്രസും, കെ.എസ്.യു.വും എല്ലാം രംഗത്തുവന്നിട്ടുണ്ട്. കൊലപാതകത്തെ ഈ സംഘടനകള്‍ ശക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നു യൂത്ത് കോണ്‍ഗ്രസും, കൊലചെയ്യപ്പെട്ടത് ഞങ്ങളില്‍ ഒരാളായി കണക്കാക്കുന്നു എന്ന് കെ.എസ്.യു.വും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവവമാണ് ഉണ്ടായത് എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഈ സംഘടകളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ ഈ കൊലപാതകത്തെ തള്ളിപ്പറഞ്ഞ്‌കൊണ്ട്, കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തുകൊണ്ട് സി.പി.എം നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നു! ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി മാത്രമേ അതിനെ കണക്കാക്കാനാവൂ! വേദം ഓതിക്കൊണ്ട് ചെകുത്താന്മാര്‍ രംഗത്തുവന്നിരിക്കുന്നു! സി.പി.എം നേതാക്കള്‍ക്ക് ധീരജിന്റെ കൊലപാതകത്തെ അപലപിക്കാം. അത് തികച്ചും ന്യായവുമാണ്. പക്ഷേ കൊലപാതക രാഷ്ട്രീയത്തിന്റെ ഉസ്താദുമാര്‍ക്ക്, തലതൊട്ടപ്പന്‍മാര്‍ക്ക് കൊലപാതക രാഷ്ട്രീയത്തെ എങ്ങനെയാണ് തള്ളിപ്പറയാനാവുക?. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് ഏറ്റവും ഏറെ നേതൃത്വം കൊടുത്തുവരുന്ന പാര്‍ട്ടി സി.പി.എമ്മല്ലേ? കണ്ണൂര്‍ ജില്ലയില്‍ മാത്രം 600 ലധികം പേരെയല്ലേ സി.പി.എം ഇക്കാലത്ത് കൊന്നു തള്ളിയത്? ഇക്കാലത്ത് സി.പി.എം കൊന്നു തള്ളിയവരില്‍ എല്ലാ പാര്‍ട്ടിക്കാരുമില്ലേ? കണ്ണൂരില്‍ ക്രിമിനലുകളുടെ സേനയുണ്ടാക്കി അതിന്റെ തലപ്പത്ത് ഇരിക്കുന്ന നേതാവല്ലേ പി. ജയരാജന്‍? ഇയാള്‍ ജനുവരി 11ന് ഏഷ്യാനെറ്റില്‍ ചര്‍ച്ചയിലിരുന്ന് കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുന്നു! അതി ഗംഭീരം! രണ്ടുകൊലക്കേസുകളില്‍ പ്രതിയല്ലേ ഇയാള്‍? 21 വയസു മാത്രം പ്രായമുള്ള അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ, നൂറുക്കണക്കിനാളുകളുടെ മുന്നിലിട്ട് കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിയല്ലേ ജയരാജന്‍? ഈ കേസ് സി.ബി.ഐ അന്വേഷിക്കുകയല്ലേ? ആര്‍.എസ്.എസ് നേതാവായ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലും പി ജയരാജന്‍ പ്രതിയല്ലേ? ഈ കേസിലും ഇയാള്‍ സി.ബി.ഐ അന്വേഷണം നേരിടുകയല്ലേ? കണ്ണൂരില്‍ കൊടുംക്രിമിനലായ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കി പോറ്റിവളര്‍ത്തുന്ന നേതാവല്ലേ പി ജയരാജന്‍? അയാളാണ് കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്!
കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്ത് വന്ന മറ്റൊരു നേതാവ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ”പാടത്തെ പണിക്ക്” തൊട്ടു പിന്നാലെ തന്നെ ”വരമ്പത്തു കൂലികൊടുക്കണം” എന്നു പരസ്യമായി പറഞ്ഞ നേതാവ് ഇതു തന്നെയല്ലേ? ഷുഹൈബിന്റെയോ, ഷുക്കൂറിന്റെയോ, കൃപേഷിന്റെയോ, ശരത്‌ലാലിന്റെയോ ദാരുണ കൊലപാതകങ്ങളെ ഈ നേതാവ് എപ്പോഴെങ്കിലും തള്ളിപ്പറഞ്ഞിട്ടുണ്ടോ? കലാലയങ്ങളെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും, കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 1968 ല്‍ കൊല്ലപ്പെട്ട വാടിക്കല്‍ രാമകൃഷ്ണന്‍ കേസില്‍ പ്രതിയായിയിരുന്നില്ലേ പിണറായി വിജയന്‍? സാക്ഷി കൂറുമാറിയതു കൊണ്ടല്ലേ അന്ന് പിണറായി രക്ഷപ്പെട്ടത്? പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു 2012 ലല്ലേ ടി.പി ചന്ദ്രശേഖരന്‍ അതിദാരുണമായി കൊടും ക്രിമിനലുകളാല്‍ കൊല്ലപ്പെട്ടത്? ചന്ദ്രശേഖരനെ ക്രിമിനലുകളെ വിട്ടുകൊലപ്പെടുത്തിയതിന് ശേഷം, കള്ളത്തെളിവുകള്‍ നിരത്തി, തങ്ങളല്ല കൊലനടത്തിയത് എന്ന് ആവര്‍ത്തിച്ച് പൊതുമണ്ഡലത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത് പിണറായി വിജയനായിരുന്നില്ലേ?

ഇതേ വിജയന്‍ സി.പി.എം സംസ്ഥാന സേക്രട്ടറിയായിരന്നപ്പോഴല്ലേ, ടി.പി കേസിലെ പ്രതികളും കൊടും ക്രിമിനലുകളുമായിരുന്ന കൊടിസുനി, കിര്‍മാണി മനോജ്, അനൂപ് ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ കോടികള്‍ മുടക്കി പ്രഗല്‍ഭരായ ക്രമിനല്‍ അഭിഭാഷകരെ രംഗത്തിറക്കിയത്? സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയല്ലേ, കോടതി നീണ്ടുനിന്ന വിചാരണക്കുശേഷം, വാദികളുടെയും പ്രതികളുടെയും വാദങ്ങള്‍ വിശദമായി കേട്ടതിനു ശേഷം ജീവപര്യന്തം ശിക്ഷ വിധിച്ച പി.കെ കുഞ്ഞനന്തന്‍ എന്ന കുറ്റവാളിയെ, നിയമവ്യവസ്ഥയാകെ വെല്ലുവിളിച്ചുകൊണ്ട്, അയാള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന അവസരത്തില്‍, അയാളെ സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമായി തിരഞ്ഞെടുത്തത്? ഫസല്‍ വധക്കേസില്‍ പ്രതിയായ കാരായി രാജനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയത് സി.പി.എമ്മല്ലേ? കതിരൂര്‍ വധക്കേസിലെ പ്രതിയായ ടി.ഐ മധുസൂദനനെ ജില്ലാ കമ്മറ്റി അംഗമാക്കിയ പാര്‍ട്ടി സി.പി.എമ്മല്ലേ?

ടി.പി കേസില്‍ കുറ്റവാളിയായി ജയിലില്‍ കിടക്കുന്ന പി.കെ കുഞ്ഞനന്തനെ, മുഖ്യമന്ത്രി ജയിലില്‍ സന്ദര്‍ശനം നടത്തവേ ജയിലില്‍ വെച്ച് പരസ്യമായി അഭിവാദ്യം ചെയ്ത് പിണറായി വിജയനല്ലേ? ടി.പി കേസില്‍ കുറ്റവാളികളായി ജയിലില്‍ കഴിയുന്ന എട്ടു പ്രതികിള്‍, കഴിഞ്ഞ 250 ദിവസമായി ജയിലിനു പുറത്താണ്്. പിണറായി സര്‍ക്കാര്‍ പലഘട്ടങ്ങളിലായി ഇവര്‍ക്ക് 291 ദിവസം പരോള്‍അനുവദിക്കുകയുണ്ടായി. ഒന്നാംകോവിഡ് തരംഗ കാലത്ത് ഈ കുറ്റവാളികള്‍ക്ക് 200 ദിവസത്തെ പ്രത്യേക അവധിയും പിണറായി സര്‍ക്കാര്‍ നല്‍കി. അതിനും പുറമേയാണ്, ടി.പി കേസിലെ എട്ടു കുറ്റവാളികള്‍ 250 ദിവസമായി ജയിലില്‍ പുറത്തു കഴിയുന്നത്. അതായത് ഈ കുറ്റവാളികള്‍ 741 ദിവസങ്ങളായി ജയിലിന് പുറത്താണ് എന്നര്‍ത്ഥം. അങ്ങനെ വരുമ്പോള്‍ ഇവര്‍ മൊത്തം 741 ദിവസം ജയിലിന് പുറത്തായിരുന്നു. അതായത് 14 വര്‍ഷത്തെ ജീവപര്യന്തം തടവു ശിക്ഷക്ക്, ഇന്ത്യയിലെ നിയമവ്യവസ്ഥ വിധിച്ച് ടി.പി കേസിലെ എട്ടു കുറ്റവാളികള്‍ ഇതിനകം തന്നെ (2014 മുതലാണ് ശിക്ഷ അനുഭവിച്ചു വരുന്നത്) 2 വര്‍ഷത്തിലധികം ജയിലിനു പുറത്തായിരുന്നു എന്നര്‍ത്ഥം!! ഇങ്ങനെ ഇന്ത്യന്‍ നിയമ വ്യവസ്ഥ, കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കുറ്റവാളികള്‍ക്കുപോലും വലിയ കാലത്തേക്ക്, നിയമ വിരുദ്ധമായി ജയിലിന് പുറത്തുകഴിയാന്‍ അനുവാദം നല്‍കിയ ചെകുത്താന്‍മാരാണ്, ഇപ്പോള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ വേദമോതിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്! കൊലക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും പ്രതിമാസം ചെല്ലും ചെലവും കൊടുക്കുന്ന പാര്‍ട്ടിയാണ് , കൊലപാതക രാഷ്ട്രീയത്തിനെതിരെ വേദമോതിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്! എന്തൊരു നാണംകെട്ട അവസ്ഥയാണിത്? ഇക്കൂട്ടര്‍ അതിക്രൂരമായി നടത്തിയ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ച്, പ്രധാന പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോഴിക്കോട് എരഞ്ഞിപ്പാലം സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന ആര്‍. നാരായണ പിഷാരടി 2014 ജനുവരി 28ന് പുറപ്പെടുവിച്ച, 420 പേജുള്ള വിധി ന്യായത്തിലെ 359 ാം പേജിലെ 824 ാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ പരിഷോധിച്ചാല്‍ മാത്രമേ, ഇവര്‍, പച്ചമനുഷ്യരേ കൊല്ലുന്ന ചെകുത്താന്‍മാരല്ല, രക്തദാഹികളായ രക്തരക്ഷസുകളാണ് എന്ന് നമുക്ക് ബോധ്യമാകൂ! ആ വാക്കുകള്‍ ഇപ്രകാരമായിരുന്നു ”ഈകേസില്‍ കൊലപാതകം രക്തത്തെ തണുപ്പിക്കുന്നതും, മുന്‍കൂട്ടി ആസൂത്രണം ചെയ്തതും, മൃഗീയവുമായിരുന്നു. കുറ്റകൃത്യത്തിന്റെ കാരണം വ്യക്തിവൈരാഗ്യമായിരുന്നില്ല. കൊലപാതകം നടത്തിയ രീതി പ്രകടമാക്കുന്നത് അങ്ങേയറ്റത്തെ നികൃഷ്ടതയാണ്. പ്രതികളുടെ പ്രവൃത്തി മനുഷ്യത്വരഹിതം മാത്രമല്ല, നിഷ്‌കരുണവും പ്രാകൃതവുമായിരുന്നു. അതു ജുഡീഷ്വറിയുടെ മനസാക്ഷിയെ മാത്രമല്ല, സമൂഹത്തിന്റെ സംയുക്ത മന:സാക്ഷിയേയും ഞെട്ടിച്ചിരിക്കുന്നു.” ഇങ്ങനെ, പച്ചയായ മനുഷ്യനെ കൊടും ക്രിമിനലുകളെ ഉപയോഗിച്ച് നീചവും, നികൃഷ്ടവും, പ്രാകൃതവും, മൃഗീയവുമായി കൊന്നുതള്ളുന്നവരാണ്, ഇപ്പോള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ വാചാടോപം നടത്തി രംഗത്തെത്തിയിരിക്കുന്നത്! തിരിച്ചറിയണം നമ്മള്‍, വേദമോതുന്ന ഈ ചെകുത്താന്മാരെ!!

 

Test User: