Connect with us

kerala

‘ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ് തികയണം’; ആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാർ

Published

on

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാന സര്‍വ്വീസില്‍ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിന് മുകളിലോ പ്രായമുളള ആശ്രിതരാവണമെന്ന് വ്യവസ്ഥയില്‍ പറയുന്നു. വിധവ/ വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍, അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.

ജീവനക്കാരന്‍ മരണമടയുന്ന സമയത്ത് വിവാഹിതരായ മകന്‍/മകള്‍ എന്നിവര്‍ വിവാഹശേഷവും അവര്‍ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യന്‍, ഒഴികെയുള്ള ആശ്രിതര്‍ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യന്‍ നിര്‍ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നല്‍കും. വിധവ/വിഭാര്യന്‍ എന്നിവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹമോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ മക്കള്‍ ഉണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തു പുത്രി എന്ന മുന്‍ഗണനാ ക്രമത്തിലും അച്ഛന്‍/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരന്‍ എന്നിവര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍/ബാങ്കുകള്‍ (സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലോ റെഗുലര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അര്‍ഹതയില്ല. നിയമപരമായി ആദ്യ ഭാര്യ/ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് പുനര്‍ വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും അര്‍ഹതയുണ്ട്. പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും.

kerala

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റിവെച്ചു

രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താല്‍ക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, ദസ്തഗിര്‍ ഇബ്രാഹിം ആഗ, എച്ച്. അബ്ദുല്‍ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത അടിയന്തര ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സി.കെ. സുബൈര്‍, പി.എം.എ സമീര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

Continue Reading

kerala

മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

Published

on

തിരുവനന്തപുരം: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.

Continue Reading

kerala

ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079

Published

on

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽനിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും.

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.

അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പി. ഡബ്ല്യു. ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനിൽകുമാർ കെ.എസ് ഇ.ബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ ഐ.& പി.ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ, റ്റി.ഒ. ജിതിൻ രാജ്, പി.ആർ വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ , ആർ. അതുൽ കൃഷ്ണൻ, എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ- 01123747079.

Continue Reading

Trending