X

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം; കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യയിൽ തകർന്ന് തരിപ്പണമായ മതേതര, ജനാധിപത്യ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും ഗവൺമെന്റ് ഇന്ന് ചെയ്യുന്നത് വീണ്ടും രാജ്യത്തെ കൂടുതൽ നാശത്തിലേക്കും രൂക്ഷമായ പകയുടെ പാതയിലേക്കും കൊണ്ടുപോവുകയാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജു ഇന്ന് വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി. യു.പിയിലെ മുഖ്യമന്ത്രി നൽകിയ ഉത്തരവ് ലജ്ജാകരവും വിചിത്രവും കൊടും ക്രൂരതയുമാണ്.

ഇന്ത്യയിൽ ഇതിനു മുമ്പും മതാഘോഷ യാത്രകൾ ഉണ്ടായിട്ടുണ്ട്. അത്തരം മതാഘോഷങ്ങളിൽ ജാതിയും മതവും വംശങ്ങളും എല്ലാം മറന്ന് ജനങ്ങൾ സഹകരിച്ചിരുന്നു. മറ്റു മതക്കാർ മധുരപലഹാരങ്ങൾ നൽകിയും പുഷ്പങ്ങൾ വിതറിയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. ഇന്ന് ഭരണകൂടം അതിനെ വിദ്വേഷത്തിന്റെ വിത്ത് വിതക്കുന്നതാക്കുന്നു. പാർലമെന്റിന്റെ മുഖ്യധർമ്മം നിയമനിർമ്മാണമാണ്. തങ്ങളുടെ വ്യക്തി താല്പര്യത്തിനോ രാഷ്ട്രീയ താല്പര്യത്തിനോ ഉതകുന്ന വിധത്തിൽ നിയമം നിർമിക്കുന്നത് അപലപനീയമാണ്.

ഇന്ത്യക്ക് സുപ്രധാനമായും വേണ്ടത് ഒരു ആൾക്കൂട്ടകൊല വിരുദ്ധ നിയമമാണെന്ന് സുപ്രീംകോടതി ഒരു ഘട്ടത്തിൽ നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് സ്‌പെഷ്യൽ കോർട്ടുകൾ ഉണ്ടാക്കുന്നതിനും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അതിന് വകുപ്പുകൾ ഉണ്ടാവണമെന്നുമല്ലാം പരമോന്നത നീതിപീഠം പറഞ്ഞിരുന്നതാണ്. ഇപ്പോൾ ഇവിടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം പാവങ്ങളെ കണ്ണിൽ ചോരയില്ലാതെ തല്ലിക്കൊന്നു. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ പാർലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.

നിരവധി പ്രശ്‌ന സങ്കീർണമായ ഒരു രാജ്യമായ ഇന്ത്യയിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചകൾ ഉണ്ടാവണം. പാർലമെന്റ് ചേരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം. പാർലമെന്റിന്റെ മുമ്പാകെ കൊണ്ടുവരുന്ന അജണ്ടകൾ ഒരു ദിവസമെങ്കിലും നേരത്തെ നൽകണം. ഇപ്പോൾ പാർലമെന്റ് നടക്കുന്നതിനിടയിൽ പോലും പുതിയ അജണ്ടകൾ ഇറക്കുന്നത് പതിവാണ്. അനാരോഗ്യകരമായ ഒരു നടപടിയാണിത്. അത് തിരുത്തണമെന്നും ഇ. ടി യോഗത്തിൽ പറഞ്ഞു.

webdesk13: