കെ.പി. ജലീല്‍
കെ.റെയില്‍ നിര്‍മാണത്തിനായുള്ള വിശദപദ്ധതിറിപ്പോര്‍ട്ട് തിരുത്തുമെന്ന സര്‍ക്കാര്‍തീരുമാനം പ്രതിപക്ഷത്തിന്റെയും പരിസ്ഥിതിവാദികളുടെയും എതിര്‍പ്പിനെ ശരിവെക്കുന്നത്. ഔദ്യോഗികരഹസ്യരേഖയാണെന്ന് പറഞ്ഞ് ഇത്രയുംകാലം ഇരുട്ടത്തുവെച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത് നില്‍ക്കക്കള്ളിയില്ലാതെയായിരുന്നു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതും കോടതിയില്‍ ഹരജി പോയതും സര്‍ക്കാറിനെ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാക്കി. എന്നാല്‍ വലിയ പരിസ്ഥിതി പ്രത്യാഘാതമുണ്ടാക്കുന്നതാകും പദ്ധതിയെന്നാണ് പരിസ്ഥിതിആഘാതപഠനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതോടെയാണ് ഇന്നലെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.വി ഗോവിന്ദന്‍ പദ്ധതിരേഖ തിരുത്തുമെന്ന് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് ഇതോടെ വ്യക്തമാകുന്നത്.
പദ്ധതിയുടെ നിര്‍മാണഘട്ടത്തില്‍ കേരളത്തിലാകെ പ്രളയത്തിനും മണ്ണൊലിപ്പിനും കാരണമാകുമെന്ന് പരിസ്ഥിതിയാഘാതറിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം പദ്ധതിക്കായി ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നാണ് മണ്ണും കല്ലും കൊണ്ടുവരുന്നത്. ഇത് അവിടെനിന്നും എതിര്‍പ്പുയര്‍ന്നാല്‍ പദ്ധതി പാതിവഴിയിലാകും. പശ്ചിമഘട്ടത്തില്‍ ഇനിയും ക്വാറികള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നാണ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതികള്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പുയരും. കേന്ദ്രഗ്രീന്‍ട്രിബൂണലിന്റെ എതിര്‍പ്പും വിലങ്ങുതടിയാകും. ഇതാണ് പദ്ധതിരേഖ തിരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്. ഇതിനകം പലസ്ഥലങ്ങളിലും കല്ലിട്ടതോടെ ഇനിയെങ്ങനെയാണ് രേഖതിരുത്തുക എന്നതും ചോദ്യചിഹ്നമാകുകയാണ്. എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന വിശദീകരണമാണ് ഉയരുന്നത്.