X

മരണ സംഖ്യ 84 ആയി; വയനാട്ടിൽ 60 മൃതദേഹങ്ങള്‍ കണ്ടെത്തി, ആറുപേരെ രക്ഷപ്പടുത്തി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി. വയനാട്ടിൽ 60 മൃതദേഹങ്ങൾ കണ്ടെത്തി. 16 മൃതദേഹങ്ങൾ നിലമ്പൂരിലാണ് കണ്ടെത്തിയത്. എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.

അതേസമയം ദുരന്തത്തിൽ നൂറിലേറെ ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യം പൂർണതോതിൽ ഇതുവരെ ആരംഭിക്കാനായിട്ടില്ല. എൻഡിആർഎഫിന്റെ അഞ്ച് പേർ അടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിൽ എത്താനായത്.

webdesk13: