X

‘ഡീനിന് വ്യക്തമായ പങ്കുണ്ട്, അനുശോചന പ്രസംഗം തെളിവാണ്’; സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശൻ

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ നടന്ന ആള്‍കൂട്ട മര്‍ദ്ദനത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശന്‍. അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം അതിന്റെ തെളിവാണ്. സര്‍വകലാശാലയില്‍ പീഡനം നടക്കുന്നുവെന്ന് ഡീനിന് കൃത്യമായി അറിയാമായിരുന്നുവെന്നും ജയപ്രകാശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ടകൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അവിടെ സ്ഥിരമായി നടക്കുന്ന കാര്യമാണ് ഇത്. അവിടെ പീഡനവും മര്‍ദ്ദനവും നടക്കുന്നത് വ്യക്തമായി ഡീനിന് അറിയാം. കൊലപാതക ശേഷം വിവരം മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. മൃതദേഹം അഴിച്ചിറക്കി, അഴിച്ചിറക്കിയതാണോ താഴെവെച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതാണോ എന്ന് അറിയില്ല. ഡീന്‍ എത്തി ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആരോടും പറയരുതെന്നും നിര്‍ദേശിച്ചു. കൊലപാതകത്തില്‍ ഡീനിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. അത് പൊലീസ് അന്വേഷിക്കട്ടെ, ഡീനിനെ പ്രതിസ്ഥാനത്ത് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ചേര്‍ത്തിട്ടില്ല. എന്തിനാണ് താമസിപ്പിക്കുന്നത്. ഒറ്റ നിമിഷം കൊണ്ട് വിസി പുറത്തുപോയി. ഡീനിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണം. ഈ കൊലക്കുറ്റത്തിന് പ്രതിപട്ടികയില്‍ ചേര്‍ത്ത് തന്നെ മുന്‍പോട്ട് പോകണം’, ജയപ്രകാശ് പറഞ്ഞു.

ഒരാള്‍ പോലും വിവരം പുറത്തുപറയരുതെന്നായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള ഭീഷണിയെന്ന് ജയപ്രകാശ് പറഞ്ഞു. ഒരുത്തന്‍ പോലും പുറത്ത് പറയരുതെന്നും പറഞ്ഞാല്‍ തീര്‍ത്തുകളയും എന്നാണ് ഡീന്‍ പറഞ്ഞത്. അത് അവിടെവെച്ച് പറഞ്ഞു. ഇവിടെ പ്രസംഗമായതുകൊണ്ട് സോഫ്റ്റായിട്ടാണ് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് പറയാന്‍ അവസരം നല്‍കാത്തത്, സിദ്ധാര്‍ത്ഥന് വേണ്ടി കരയാന്‍ പോലും അവസരം കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും ജയപ്രകാശ് ചോദിച്ചു. പ്രസംഗം എഴുതിവെക്കുന്നത് പോലെ ആരോടും ഒന്നും പറയരുത്, എല്ലാം ശരിയാണ്, ദുഃഖമുണ്ട് എന്ന് പറഞ്ഞ് പോയി. ആരോടും പറയരുതെന്ന് ഡീന്‍ തന്നെ പറയുന്നുണ്ട്. എന്ത് കാര്യമാണ് ആരോടും പറയരുതെന്ന് പറയുന്നത്. ഡീന്‍ ഇതിന് ഉത്തരം നല്‍കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.

webdesk14: