X

കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ദേഹമാസകലം പരിക്കേറ്റ പാടുകള്‍; ചവിട്ടിക്കൊന്നതെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്.

അതേസമയം മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റിത്. ഒരു പകല്‍ മുഴുവന്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വനംവകുപ്പ് നേതൃത്വത്തില്‍ കാടിറങ്ങിവന്ന കൊമ്പനെ കാട്ടിലേക്ക് വിട്ടത്. മലയോര പട്ടണമായ ഉളിക്കലിനെ വിറപ്പിച്ച കാട്ടാനയെയാണ് രാത്രി പത്ത് മണിയോടുത്ത് കാട്ടിലേക്ക് തുരത്തി വിട്ടത്.

ആദ്യം മുതല്‍ ദുഷ്‌ക്കരമായിരുന്ന ദൗത്യത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഉളിക്കല്‍ ടൗണും കഴിഞ്ഞ് പത്ത് കി.മീറ്റര്‍ അകലെ മാട്ടറയും കാലാങ്കിയും പിന്നിട്ട് കര്‍ണാടക വനാതിര്‍ത്തിയിലേക്ക് ആനയെ നീങ്ങിയെന്നാണ് കരുതുന്നത്.ഏറെനേരം വൈത്തൂര്‍ ഉള്‍പ്പെടെ ജനവാസ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു കാടിറങ്ങിയെത്തിയ ആന. ഒരു ഘട്ടത്തില്‍ കനത്ത മഴപോലും തടസമായെന്നിരിക്കെ ദുഷ്‌ക്കരമായ ദൗത്യത്തിനൊടുവിലാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.

ആന ഉളിക്കലിലെത്തിയത് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ്. മലയോര ഹൈവെയ്ക്കും സമീപത്തെ ലത്തീന്‍ പള്ളിക്കുമിടയിലെ പറമ്പിലാണ് ആന നിലയുറപ്പിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങിയതോടെ ആളപായം ഒഴിവാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ടൗണിലെ കടകള്‍ അടച്ചിടാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ആളുകള്‍ ടൗണിലെത്തുന്നത് പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്. ടൗണോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെത്തിലെത്തിച്ച് അവിടെ നിന്ന് കാട്ടിലേക്ക് വിടാനുള്ള ശ്രമവും വനംവകുപ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയം കണ്ടില്ല. പടക്കത്തിന്റെ ശബ്ദവും ആളുകളുടെ ശബ്ദവും കേട്ടതോടെ ആന അവിടെ നിന്ന് വിരണ്ടോടുകയാണുണ്ടായത്. കാടിറങ്ങിയെത്തിയത് ഏതുവഴിയിലാണോ ഏതാണ്ട് അതിനോടനുബന്ധിച്ച വഴിയിലൂടെയൊണ് കാട്ടിലേക്ക് തിരികെപോയതെന്നാണ് വനംവകുപ്പ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. വൈകുന്നേരം പെയ്ത മഴ മാറിയതിന് പിന്നാലെയാണ് പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചത്. ഒടുവില്‍ അത് രാത്രി പത്ത് മണിയോടടുത്ത് വിജയത്തിലെത്തുകയായിരുന്നു.

webdesk11: