X

അന്നം മുട്ടും; റേഷന്‍ കടകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ രണ്ട്് ദിവസം വേണമെന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.ഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതല്‍ മാത്രമേ മെയ് മാസത്തെ റേഷന്‍ വിതരണം തുടങ്ങൂ.

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഏപ്രില്‍ 29, മെയ് 2, 3 തീയതികളില്‍ രാവിലെ 8 മുതല്‍ ഉച്ച ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഈ തീയതികളില്‍ ഉച്ച രണ്ടു മുതല്‍ രാത്രി ഏഴു വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മെയ് നാല് മുതല്‍ സാധാരണ സമയക്രമം ആയിരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നലെ നാല് മണി വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. രണ്ട് ദിവസം കൂടി റേഷന്‍ കടകള്‍ അടച്ചിടുന്നതോടെ റേഷന്‍കടകളെ ആശ്രയിക്കുന്നവര്‍ കടുത്ത പ്രതിസന്ധിയിലായി.

സാങ്കേതിക തകരാറുകള്‍ കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും യോഗം ചേര്‍ന്നു. പ്രശ്‌നപരിഹാരത്തിന് ഡാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റേണ്ടതുണ്ടെന്ന് റേഷന്‍ വിതരണത്തിന് സാങ്കേതിക സഹായം നല്‍കുന്ന എന്‍.ഐ.സി യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതിലെ ആശങ്ക മന്ത്രി എന്‍.ഐ.സിയെ അറിയിച്ചു. റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. സാങ്കേതിക തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ച ശേഷം കടകള്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. സാങ്കേതിക തകരാറുകള്‍ക്ക് ഉത്തരവാദി റേഷന്‍ വ്യാപാരികളല്ലെന്നും ഇക്കാരണത്താല്‍ കടകളില്‍ അതിക്രമിച്ചു കയറി വ്യാപാരികളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

webdesk11: