X

നീതിയുടെ പ്രഭാതം അകലെയല്ല

കെ.പി നൗഷാദ് തളിപ്പറമ്പ്‌

രക്തസാക്ഷ്യത്തിന്റെ പതിനൊന്നാം വാര്‍ഷികവേളയില്‍ അരിയില്‍ ഷുക്കൂറിന്റെ മായാത്ത ഓര്‍മകളുമായി എം എസ് എഫ് അഡ്വ: ഹബീബിന്റെ മണ്ണില്‍ നടത്തിയ ഉജ്വലമായ നീതി ജാഥ ഭരണകൂടത്തിനും അതിന്റെ തണലില്‍ കഴിയുന്ന കൊലയാളിക്കൂട്ടങ്ങള്‍ക്കും ശക്തമായ താക്കീതും മുന്നറിയിപ്പുമാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും ഷുഹൈബിന്റെയും കൊലയാളികളെ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് രക്ഷിച്ചെടുക്കാനുള്ള ഇടത് ഗവണ്‍മെന്റിന്റെ നീതി നിഷേധത്തിനും നെറികേടിനുമെതിരായ താക്കീത്.

മകനെ നഷ്ടമായതിന്റെ വേദനകള്‍ കടിച്ചിറക്കി ഉമ്മ ആതിക്കയുടെ നേതൃത്വത്തില്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ വിജയത്തിലേക്ക് അടുക്കുന്നതിന്റെ ശുഭസൂചനകളാണ് സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവുക. ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്‍. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ക്രൂരതയുടെ ഇരയാവുകയായിരുന്നു ശുക്കൂര്‍. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മുന്നില്‍ നിന്നും പിറകില്‍ നിന്നുമെത്തിയ സിപിഎമ്മുകാര്‍ വഴി തടഞ്ഞതോടെ ശുക്കൂറും മൂന്നു സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ 2 മണി വരെ ഇവരെ തടഞ്ഞുവച്ചു. ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് നാലു പേരുടേയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. എല്‍ സി അംഗമായ മറ്റൊരു നേതാവ് നാലു പേരുടെയും പേരും വിലാസവും ചോദിച്ചറിഞ്ഞ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തെ ഫോണില്‍ വിളിച്ചറിയിച്ചു. മറ്റു നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ശുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍ നിന്ന് പിടിച്ചിറക്കി വയലിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി. പ്രാദേശിക നേതാവ് നെഞ്ചിലേക്ക് കത്തി കുത്തിക്കയറ്റി. കൂടെ മറ്റു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു. ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷി നിര്‍ത്തി ചെയ്ത അരുംകൊല. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരം ചെയ്ത ലക്ഷണമൊത്ത കൊലപാതകം.

ഇത്രയും കിരാതമായ രീതിയില്‍ പാര്‍ട്ടിക്കോടതിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ എന്തായിരുന്നു ശുക്കൂര്‍ ചെയ്ത കുറ്റം? താന്‍ ശരിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതോ? എംഎസ്എഫ് എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായതോ? നാട്ടിലെ പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ സഹായമെത്തിക്കാന്‍ മുന്നില്‍ നിന്നതോ? നാട്ടുകാര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായിപ്പോയതോ? എന്തായിരുന്നു നിഷ്‌കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള ശുക്കൂറിനെ സിപിഎമ്മിന്റെ കൊലക്കത്തിക്ക് യോഗ്യമാക്കിയത്? ഇതിനു മറുപടി പറയിക്കാതെ കാലം മുന്നോട്ടുപോവില്ല.

അരിയില്‍ ഷുക്കൂര്‍ വധക്കേസ് കണ്ണൂര്‍ ജില്ലയുടെ ശാപമായി മാറിയ കൊലപാതക രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി കാലം സാക്ഷ്യപ്പെടുത്തുന്ന നാളുകള്‍ അതിവിദൂരമല്ല. പാര്‍ട്ടി തിട്ടൂരത്തിനനുസരിച്ച് പച്ച മനുഷ്യരുടെ നെഞ്ചില്‍ കത്തികുത്തിയിറക്കുന്ന പാര്‍ട്ടി ആരാച്ചാര്‍മാര്‍ മാത്രമല്ല, കൊല്ലപ്പെടേണ്ടവരാരൊക്കെയെന്ന് വിധിയെഴുതുന്ന പാര്‍ട്ടി കോടതികളിലെ യജമാനന്‍മാര്‍ കൂടി നീതിയുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നുവെന്നതാണ് ഈ കേസിനെ ചരിത്രപ്രധാനമാക്കി മാറ്റുന്നത്. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഇതിനു മുമ്പ് നടന്ന കൊലപാതകങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കുടുങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും മനോധര്‍മത്തിനും അനുസരിച്ച് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് കൊലക്കത്തി വിധിക്കുന്ന പാര്‍ട്ടിക്കോടതിയുടെ തലവനുള്‍പ്പെടെ വലയില്‍ കുടുങ്ങുന്നത് ഇതാദ്യമായാണ്. അക്രമത്തിലും ഹിംസയിലും മാത്രം വിശ്വസിക്കുന്ന ഈ കുടില നേതൃത്വത്തിന്റെ കൈയിലാണ് സിപിഎമ്മിന്റെ കടിഞ്ഞാണ്‍ എന്നത് ആര്‍ക്കും ബോധ്യമുള്ളതാണ്. ഇവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പലപ്പോഴും വാടകപ്രതികളും ചിലപ്പോഴെങ്കിലും യഥാര്‍ഥ പ്രതികളും അകത്തായിട്ടും ഒന്നിനു പിറകെ മറ്റൊന്നായി കൊലപാതക പരമ്പരകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ലെന്നും നാട്ടുകാര്‍ക്കറിയാം.

കൊല്ലപ്പെടേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിച്ച് അതിന്റെ സമയവും സ്ഥലവും നിശ്ചയിച്ച് ആയുധങ്ങള്‍ നല്‍കി അനുസരണയുള്ള അണികളെ പറഞ്ഞയക്കുന്നവര്‍ സൈ്വരമായി എല്ലാവിധ സംരക്ഷണവും ആസ്വദിച്ച് പുറത്തുകഴിയുന്നതാണ് ഇതിനു കാരണം. എത്രയേറെ പാര്‍ട്ടി പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘാംഗങ്ങളും അകത്തായാലും തങ്ങളെ അത് ബാധിക്കില്ലെന്ന ഉറച്ച ബോധ്യമാണ് വീണ്ടും വീണ്ടും മനുഷ്യന്റെ ചുടുചോര കുടിക്കാന്‍ ഇവര്‍ നാക്കുനീട്ടുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അലംഘനീയമെന്ന് കരുതിയ ഈ ‘നിയമം’ ചരിത്രത്തിലാദ്യമായി ലംഘിക്കപ്പെട്ടുവെന്നതാണ് തുല്യതയില്ലാത്ത വിധം ക്രൂരവും ഭീകരവുമായ നടപ്പിലാക്കിയ അരിയില്‍ ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ സിബിഐ നടപടിയിലൂടെ ഉണ്ടായിരിക്കുന്ന സവിശേഷമായ കാര്യം. ശുഐബ് വധക്കേസിലെ പ്രതി തന്നെ കൊല്ലാന്‍ ആളെ അയക്കുന്ന നേതൃത്വത്തിലേക്ക് വിരല്‍ ചൂണ്ടി സംസാരിച്ചതിന്റെ തീയും പുകയും അത്ര പെട്ടെന്ന് കെട്ടടങ്ങാനിടയില്ല. നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം പുതിയ വെളിപ്പെടുത്തലുകള്‍ക്ക് വരുംനാളുകളില്‍ കേരളം സാക്ഷ്യംവഹിക്കുക തന്നെ ചെയ്യും.

സമാനതകളില്ലാത്തതായിരുന്നു അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം. പാര്‍ട്ടി കോടതികളുടെ അതിനു മുമ്പത്തെ വിധികള്‍ നടപ്പിലാക്കിയത് ഇരുട്ടിന്റെ മറവിലോ മുഖംമൂടിയുടെ പിറകിലോ ആയിരുന്നു. എന്നാല്‍ ഇത് അങ്ങനെയായിരുന്നില്ല. ഏതാനും യുവാക്കളെ മണിക്കൂറുകളോളം ബന്ദികളാക്കിയ ശേഷം കൊല്ലപ്പെടേണ്ടവനെന്ന് പാര്‍ട്ടി കോടതി സമയമെടുത്ത് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. പാര്‍ട്ടി കോടതിയുടെ തീരുമാനം തെറ്റിപ്പോവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന പാര്‍ട്ടി ആരാച്ചാര്‍മാര്‍ വാട്ട്‌സാപ്പ് വഴി ബന്ദികളാക്കപ്പെട്ട യുവാക്കളുടെ ഫോട്ടോകള്‍ എടുത്ത് വിധികര്‍ത്താക്കള്‍ക്ക് അയച്ചു കൊടുത്തു. അവര്‍ ഫോട്ടോ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടാപ്പകല്‍ 24കാരനായ ഷുക്കൂറിന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കി പാര്‍ട്ടി തിട്ടൂരം നടപ്പിലാക്കപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കാള്‍ ഭീകരമായിരുന്നു ഇത്. ഹിംസാത്മകമായ ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങളായിരുന്നു നാലു ചെറുപ്പക്കാര്‍ വിചാരണ നേരിട്ട കണ്ണപുരത്തെ വയലിനു ചുറ്റും മുഴങ്ങിക്കേട്ടത്. മറിച്ച് പാര്‍ട്ടി യജമാനന്‍മാരുടെ വിധിതീര്‍പ്പ് കേട്ട് അത് നടപ്പിലാക്കാന്‍ ജാഗരൂഗരായി നില്‍ക്കുന്ന പാര്‍ട്ടിയുടെ ‘അച്ചടക്കമുള്ള’ അണികളെയായിരുന്നു. പാടത്ത് തടഞ്ഞുനിര്‍ത്തപ്പെട്ട ഈ യുവാക്കളുടെ ദീനരോദനങ്ങളും കേണുകൊണ്ടുള്ള യാചനകളും ഈ കാലാളുകളുടെ ശിലാഹൃദയങ്ങളെ തെല്ലും കുലുക്കിയില്ല. പാര്‍ട്ടി കോടതിയുടെ വിധിക്കപ്പുറം മറ്റൊന്നുമില്ലെന്നതായിരുന്നു അവരുടെ തീരുമാനം.

അതുകൊണ്ടു തന്നെയാണ് ശുക്കൂര്‍ വധക്കേസ് നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കോടതി നടപടികളും ചരിത്രപ്രധാനമായിത്തീരുന്നത്. തങ്ങളുടെ യജമാനന്‍മാരെ രക്ഷിച്ചെടുക്കാന്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും അവര്‍ പ്രയോഗിച്ചെങ്കിലും എല്ലാ സമ്മര്‍ദങ്ങളെയും ഭീഷണികളെയും തന്ത്രങ്ങളെയും അതിജീവിച്ച് കേസ് ഇവിടം വരെ കൊണ്ടെത്തിക്കാന്‍ സാധിച്ചുവെന്നത് ചില്ലറ കാര്യമല്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കമാന്റര്‍ ഇന്‍ ചീഫിനെ രക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യാറാക്കിവെച്ചിരിക്കുന്ന വജ്രായുധങ്ങള്‍ ഇനിയുമുണ്ടാവുമെന്ന കാര്യത്തില്‍ സംശയവുമില്ല. നീതിയുടെ പുതുയുഗപ്പിറവി അത്ര ആയാസരഹിതമായിരിക്കില്ലെന്ന തിരിച്ചറിവുള്ളവരാണ് ഈ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുന്നതെന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കേണ്ടതാണ് മരണമെന്ന ഉറച്ച ബോധ്യമുള്ളവരാണവര്‍. അതിനു മുമ്പ് പേടിച്ചു മരിക്കാന്‍ ഒരുക്കമല്ലാത്തവര്‍. നീതിക്കുവേണ്ടി ഏതറ്റം വരെയും പോവാന്‍ തയ്യാറുള്ളവര്‍. സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയും തുറുങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്രവിധിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരു നാടിന്റെയും പ്രസ്ഥാനത്തിന്റെയും മുഴുവന്‍ മനസ്സും പ്രാര്‍ഥനയും ഉണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്.

webdesk11: