ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന ജനത്തിന് കേന്ദ്രത്തിന്റെ വക അടുത്ത ഇരുട്ടടി വരുന്നു. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന തുടങ്ങിയതായാണ് വിവരം. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചേക്കും.
നിലവിലുള്ള ജി.എസ്.ടി സ്ലാബിലെ 5 ശതമാനം നിര്‍ത്തലാക്കി 3 ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകളാക്കി മാറ്റാനാണ് ആലോചന. വ്യാപക ഉപഭോഗത്തിലുള്ള ഏതാനും ചില ഉത്പന്നങ്ങള്‍ 3 ശതമാനം എന്ന പുതിയ സ്ലാബിലേക്ക് കൊണ്ടുവരാനാണ് നീക്കം. ശേഷിച്ചവ എട്ടു ശതമാനത്തിന്റെ സ്ലാബിലേക്ക് മാറ്റും. നിരക്ക് വര്‍ധന സംബന്ധിച്ച് സാധാരണ ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനാണ് മൂന്നു ശതമാനം എന്ന പുതിയ സ്ലാബ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. ചുരുക്കം ചില ഉത്പന്നങ്ങള്‍ മാത്രമാണ് ഈസ്ലാബിലേക്ക് മാറ്റുക. മറ്റുള്ളവയെല്ലാം എട്ടു ശതമാനം എന്ന കൂടിയ സ്ലാബിലേക്ക മാറും. മാത്രമല്ല, അണ്‍ബ്രാന്‍ഡഡ് ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താത്ത ചില ഉത്പന്നങ്ങള്‍ മൂന്നു ശതമാനം എന്ന പുതിയ സ്ലാബ് വഴി ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരും. ഫലത്തി ല്‍ ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാകും.
ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വിഹിതത്തില്‍ നിലവില്‍ സംസ്ഥാനങ്ങള്‍ അസംതൃപ്തരാണ്. അധിക വരുമാനം വഴി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിലും വര്‍ധനവ് ഉണ്ടാകും എന്നതിനാല്‍ ജി.എസ്.ടി കൗണ്‍സിലില്‍ പുതിയ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാറുകള്‍ എതിര്‍ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
നിലവില്‍ 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളാണ് ജി.എസ്.ടിക്കുള്ളത്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ 3, 8, 12, 18, 28 എന്നിങ്ങനെയായി അഞ്ച് സ്ലാബ് മാറും. ഇതില്‍ നിലവില്‍ സ്ലാബ് അഞ്ചില്‍ വരുന്നതില്‍ ഏറെയും പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളാണ്. എട്ട് ശതമാനം എന്നതില്‍ അന്തിമ ധാരണ ആയിട്ടില്ല, ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ മൂന്ന് നിര്‍ദേശമാണ് കേന്ദ്രം വെക്കുന്നത്. ജി.എസ്.ടി കൗണ്‍സിലിന്റെ ഭൂരിപക്ഷ നിര്‍ദേശം കണക്കിലെടുത്താകും അന്തിമ തീരുമാനം.
നിലവിലെ അഞ്ചു ശതമാനത്തില്‍ നിന്ന് ഓരോ ശതമാനം ഉയര്‍ത്തിയാലും 50,000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്ക്. എട്ടു ശതമാനമായാല്‍ ഒന്നര ലക്ഷം കോടിയുടെ അധിക വരുമാനമുണ്ടാകും. മാര്‍ച്ചില്‍ 1.42 ലക്ഷം കോടിയുടെ റെക്കോര്‍ഡ് ജി.എസ്.ടി വരുമാനമാണ് രേഖപ്പെടുത്തിയത്. പുതിയ സ്ലാബ് വന്നാല്‍ ഇത് രണ്ടര ലക്ഷം കടക്കും.