X

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സാക്ഷികളുടേയും പ്രതികളുടേയും സുരക്ഷക്ക് ഭീഷണിയാണെന്ന വാദിഭാഗത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.ജെ ശര്‍മ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ വീക്ഷിക്കാമെങ്കിലും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നാണ് നിര്‍ദേശം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച കാരവന്‍ മാസികയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ ജസ്റ്റിസ് ലോയക്ക് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ മരണ ശേഷം കേസ് പരിഗണിച്ച ജസ്റ്റിസ് ഗോസാവി ഒരു മാസത്തിനകം പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞിരുന്നു. അതേ സമയം മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള കോടതി നിര്‍ദേശത്തിനെതിരെ നിയമ വിദഗ്ധരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തി. ദേശീയ സുരക്ഷയെ ബാധിക്കാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളെ വിലക്കിയത് തെറ്റാണെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി പറഞ്ഞു. ഇത് അസാധാരണമെന്നായിരുന്നു മുന്‍ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറല്‍ രവി കദമിന്റെ പ്രതികരണം. തീരുമാനം തീര്‍ത്തും തെറ്റാണെന്ന് മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി രാജന്‍ കോച്ചാര്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മീനാള്‍ ഭഗല്‍, റാം മനോഹര്‍ റെഡ്ഢി തുടങ്ങിയവരും കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തെത്തി.

chandrika: