X

തകര്‍ച്ച തുടര്‍ക്കഥയാകുന്നു; ബീഹാറില്‍ പുതിയതായി നിര്‍മിച്ച നാഷണല്‍ ഹൈവേയിലെ മേല്‍പ്പാലത്തില്‍ ഗര്‍ത്തം

ബീഹാറിലെ വൈശാലി ജില്ലയിൽ എൻ.എച്ച് 31 പുതുതായി നിർമിച്ച മേൽപ്പാലത്തിൻ്റെ ഒരു ഭാഗം തകർന്ന് വീണതായി റിപ്പോർട്ട്. മേൽപ്പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ആർ.ജെ.ഡി എം.എൽ.എ മുകേഷ് റോഷനാണ് പാലത്തിന്റെ ഒരു ഭാഗത്തായി വലിയൊരു കുഴി രൂപപ്പെട്ടത് കണ്ടത്. തുടർന്ന് പ്രാദേശിക അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ദേശീയപാത 31ലെ രാമാശിഷ് ​​ചൗക്കിലെ മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്. യാത്രക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകുന്നതിനായി റോഷൻ റോഡിൽ ചുവന്ന തുണി സ്ഥാപിക്കുകയും ചെയ്തു.

ഞാൻ ഈ പാലം കടക്കുമ്പോൾ അതിൻ്റെ നടുവിൽ ഒരു വലിയ കുഴി കണ്ടു. നിതീഷ് കുമാർ സർക്കാരിന്റെ ഭരണത്തിലെ അഴിമതി എത്രത്തോളം ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇത് അഴിമതി മാത്രമല്ല, യാത്രക്കാർക്ക് മാരകമായ അപകടം കൂടിയാണ് , ‘റോഷൻ പറഞ്ഞു.

മന്ത്രിമാരും ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പൊതു പദ്ധതികൾക്കായുള്ള ഫണ്ടിൽ നിന്ന് 40 ശതമാനം കമ്മീഷൻ വാങ്ങുന്നു. അവർ അവരുടെ ലാഭം മാത്രമാണ് നോക്കുന്നത്. ഇത് നിർമാണപ്രവർത്തങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായി റോഷൻ പറഞ്ഞു. ‘കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബീഹാറിൽ നിരവധി പാലങ്ങളും കലുങ്കുകളും തകർന്ന് വീണു. ഉദ്യഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇതിനെല്ലാം കാരണം,’ റോഷൻ മാധ്യമങ്ങളോട് പറഞ്ഞു.

ആറുമാസം മുമ്പാണ് മേൽപ്പാലം പ്രവർത്തനക്ഷമമായതെന്നും അധികൃതർ ഇത് വരെയും മേൽപ്പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും റോഷൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ബീഹാറിൽ 1,710 കോടി രൂപ ചെലവഴിച്ച് നിർമിച്ചുകൊണ്ടിരിക്കുന്ന പാലം തകർന്ന് വീണിരുന്നു. ഭഗൽപൂരിലെ സുൽത്താൻഗഞ്ചിനെ ഖഗാരിയയുമായി ബന്ധിപ്പിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗമായിരുന്നു തകർന്നത്.

ബീഹാറിൽ ഈ വർഷം തകരുന്ന പതിനാറാമത്തെ പാലമാണിത്. വർധിച്ച് വരുന്ന പാലം തകർച്ചകളിൽ ആശങ്ക ഉയർന്നതോടെ നിതീഷ് കുമാർ സർക്കാർ ഈ വർഷം ആദ്യം 15 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാറിൽ നിർമാണത്തിലിരിക്കുന്ന മൂന്ന് പ്രധാന പാലങ്ങളും മറ്റ് നിരവധി പാലം തകർച്ചകളും ഉണ്ടായതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര പരിഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ ബ്രജേഷ് സിങ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചിരുന്നു.

തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അവലോകന യോഗം നടത്തുകയും ശേഷം സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളും സർവേ ചെയ്യാനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ബീഹാറിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി നയങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു.

webdesk13: