ഒന്നാം പിണറായി സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്‌നാ സുരേഷ് രംഗത്തെത്തിയതോടെ സി.പി.എം രാഷ്ട്രീയത്തില്‍ അസ്വസ്ഥത പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആത്മകഥ എഴുതി സ്വര്‍ണക്കടത്ത് വിവാദത്തിന് വീണ്ടും ജീവന്‍ വെപ്പിച്ചത് സി.പി.എമ്മിനെ വലിയ അപകത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്തിന് കടുത്ത അമര്‍ഷമുണ്ട്. പുതിയ വിവാദങ്ങള്‍ പരിശധിക്കാനും ചര്‍ച്ച ചെയ്യാനും പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കുന്നു. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ഒഴിവാക്കാമായിരുന്നുവെന്നും ശിവശങ്കറിനെതിരെ നടപടി വേണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നുമാണ് സി.പി.എമ്മിന്റെ നിലപാട്.
കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന ഫോണ്‍ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്. വിശ്വസ്തരായവര്‍ സഹായിക്കാന്‍ നില്‍ക്കുമ്പോള്‍ അവര്‍ പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടിവന്നു എന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. അടഞ്ഞ അധ്യായമെന്ന് കരുതി വിവാദത്തെ തള്ളിക്കളഞ്ഞ സി.പി.എമ്മിന് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘടത്തില്‍ ശക്തമായ വെല്ലുവിളി തന്നെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
സ്വര്‍ണക്കടത്ത് സംഭവമുണ്ടായപ്പോള്‍ മുഖ്യമന്ത്രിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിന്നാണ് സി.പി.എം പ്രതിരോധം തീര്‍ത്തത്. രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്ത് കേസില്‍ പ്രധാന പ്രതിയായ സ്വപ്‌നാ സുരേഷില്‍ ഇക്കാലമത്രയും ഒരു തുറന്നുപറച്ചിന് അവസരം ലഭിച്ചിരുന്നില്ല. ജയില്‍ മോചിത ആയ ശേഷവും ശിവശങ്കര്‍ തന്നെ തള്ളിപ്പറയില്ലെന്നും സംരക്ഷിക്കുമെന്ന് സ്വപ്‌ന കരുതിയേക്കാം. എന്നാല്‍ ശിവശങ്കര്‍ ആത്മകഥയെഴുതി സ്വപ്‌നയുമായുള്ള ബന്ധം തള്ളിയതോടെ തകര്‍ന്നുവീണത് സി.പി.എം ഉയര്‍ത്തിയ പ്രതിരോധക്കോട്ട കൂടിയാണ്. പാര്‍ട്ടിക്ക് പങ്കില്ല, മുഖ്യമന്ത്രിക്ക് പങ്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്നിങ്ങനെ ആവര്‍ത്തിച്ച് പ്രതിരോധമുയര്‍ത്തിയ സി.പി.എം നേതൃത്വത്തിന് പുതിയ സാഹചര്യം തരണം ചെയ്യേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുബായിയിലുള്ള മുഖ്യമന്ത്രി അടുത്ത ദിവസം തിരിച്ചെത്തിയാലുടന്‍ പാര്‍ട്ടി തലത്തില്‍ വിവാദം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.