ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നഖശിഖാന്തം എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ ഭൂതകാലത്തെ വെള്ളപൂശാനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പാര്‍ട്ടി സമ്മേളനങ്ങളോടനുബന്ധിച്ച് ഇതു സംബന്ധിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും സെമിനാറുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ന് മുതല്‍ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന ‘കമ്മ്യൂണിസ്റ്റുകാരും സ്വാന്ത്ര്യ സമരവും’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് ചോദ്യം ചെയ്യുന്നതിനുളള മറുപടിയാണ് പുസ്തകമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. ഹിന്ദുത്വവാദികളും വലതുപക്ഷക്കാരും സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് ചരിത്രം വ്യക്തമാക്കുന്നു. ആഗസ്റ്റ് പതിനഞ്ചിനെ ‘ആപത്ത് 15’ എന്നായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ അന്ന് വിശേഷിപ്പിച്ചിരുന്നതെന്ന് ചരിത്രകാരന്‍ എം.സി വടകര ഓര്‍ക്കുന്നു. മഹാത്മാ ഗാന്ധിയെ ‘വാര്‍ധയിലെ കളള ദൈവം’ എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചിരുന്നത്. സുഭാഷ് ചന്ദ്രബോസിനെ ‘ജാപ്പാന്റെ ചെരുപ്പു നക്കി’യെന്നായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ വിളിച്ചിരുന്നതെന്നും എം.സി പറഞ്ഞു.
1942 ലെ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ത്തിരുന്നു. രണ്ടാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടനൊപ്പം നിലയുറപ്പിച്ച് ഇത് നമ്മുടെ യുദ്ധം എന്നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അഭിമാനം കൊണ്ടിരുന്നത്. ക്വിറ്റ് ഇന്ത്യാ സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പൊലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ പണി. ബ്രിട്ടന് അനുകൂലമായ നിലപാടെടുത്തതിന് പ്രത്യുപകാരമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ നിരോധനം പിന്‍വലിക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷുകാരെ സഹായിച്ചതിന് ലക്ഷക്കണക്കിന് രൂപ ഇന്ത്യന്‍ കമ്മ്യൂസിസ്റ്റ് പാര്‍ട്ടി പ്രതിഫലവും പറ്റുകയുണ്ടായി.
ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രജനി പാല്‍മേ ദത്ത്, ഡെയിലി വര്‍ക്കര്‍ പത്രത്തിന്റെ എഡിറ്റര്‍ ഹാരി പോളിറ്റ് എന്നിവരാണ് പണവുമായി ഇന്ത്യയിലെത്തിയത്. ഈ പണം ഉപയോഗിച്ചാണ് മുംബൈയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയത്. ബാക്കി പണം ഉപയോഗിച്ച് ദേശാഭിമാനി, ഗണശക്തി, തീക്കതിര്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളും ആരംഭിച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സംഭാവന സ്വീകരിച്ചതായി ഇ.എം.എസ് സമ്മതിക്കുകയുണ്ടായി. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ എതിര്‍ഭാഗത്തായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന വസ്തുത കൂടുതല്‍ അനാവൃതമാകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി സമ്മേളനങ്ങളിലൂടെ ചരിത്രത്തെ വെളളപൂശാനുളള ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു.