X

സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറുമ്പോള്‍ അടിപതറി സി.പി.എം നേതൃത്വം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറുമ്പോള്‍ അടിപതറി സി.പി.എം നേതൃത്വം. ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പ് ഇറക്കി. പിണറായി മുഖ്യമന്ത്രിയായ ഏഴുവര്‍ഷത്തിനിടെ ഇത്ര കടുത്ത പ്രതിഷേധം ഇതാദ്യമാണ്. വിമാനത്തിനുള്ളില്‍ പോലും പിണറായിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ പാര്‍ട്ടിയില്‍ വിഷയം വലിയതോതില്‍ ചര്‍ച്ചയാവുകയാണ്.

യു.ഡി.എഫിന്റെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചും നിരത്തുകളിലുടനീളം ആവശ്യത്തിലേറെ പൊലീസിനെ വിന്യസിച്ചും സര്‍ക്കാര്‍ വെല്ലുവിളിയുയര്‍ത്തുമ്പോഴും മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവിധം പ്രതിഷേധം കടുക്കുകയാണ്. മുഖ്യമന്ത്രിയുടെ സംരക്ഷണം സി.പി.എം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങി. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവുനേരെയും കല്ലേറുണ്ടായി. അക്രമത്തിന് സി.പി.എം പരോക്ഷമായി ആഹ്വാനം നല്‍കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും അടക്കമുള്ള സംഘടനകള്‍.

ഇതിനിടെ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് മടങ്ങിയെത്തി. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ 380 പൊലീസുകാരുടെ സുരക്ഷയിലാണ് മുഖ്യമന്ത്രി. വിമാനത്താവളം മുതല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.

അതേസമയം വെളിപ്പെടുത്തലുകളില്‍ നിന്നും നിയമപോരാട്ടത്തില്‍ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സ്വപ്‌നാ സുരേഷ് വീണ്ടും നിലപാട് കടുപ്പിച്ചു. തനിക്ക് മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്‌ന, കെ.ടി ജലീല്‍ രണ്ട് ദിവസം ടെന്‍ഷനടിക്കട്ടെയെന്നും ജലീലിന്റെ പങ്ക് ഉടന്‍ പുറത്തുവിടുമെന്നും അറിയിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനം വിട്ട ഷാജ് കിരണും ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ വിവാദമായി കത്തിക്കയറുമ്പോഴും അതിനോട് നേരിട്ട് പ്രതികരിക്കാന്‍ സി.പി.എം നേതൃത്വം ഇനിയും തയാറായിട്ടില്ല. പകരം ഗൂഡാലോചനയെ കുറിച്ചാണ് ചര്‍ച്ചയും അന്വേഷണവും എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Chandrika Web: