കെ.എന്‍.എ ഖാദര്‍
ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് പിണറായി വിജയന്‍ ചിന്ത വാരികയില്‍ എഴുതിയിരിക്കുന്നു. ആര്‍ക്കാണ് പിന്നെ അതിന് കഴിയുക? അതോ ഇന്ത്യയില്‍ ഇന്നുള്ള ഒരു രാഷ്ട്രീയ കക്ഷിക്കും അതിനു ശേഷിയില്ലേ? അതോ ഇനി ബി.ജെ.പിക്ക് ബദല്‍ ഉണ്ടാവില്ലേ? ജനാധിപത്യ മതേതര ഇന്ത്യ മരിക്കുമോ? ഇന്ന് ഇന്ത്യ രോഗശയ്യയിലാണെന്നും ഇനി ജനാധിപത്യത്തിലേക്ക് പഴയ ഇന്ത്യ തിരിച്ചുവരില്ലെന്നും അദ്ദേഹം കരുതുന്നുവോ? അത്തരം ഒരു മഹാനാശത്തില്‍നിന്ന് രാജ്യത്തേയും ജനങ്ങളെയും രക്ഷിക്കാന്‍ സാധ്യതയുള്ള ആരും ഇന്ത്യയില്‍ ഇല്ലാതായോ?
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തനിച്ച് ആ മഹാദൗത്യം നിര്‍വ്വഹിക്കാന്‍ ആവില്ലെന്നാണോ ഉദ്ദേശിച്ചത്? അപ്രകാരം ചിന്തിക്കുന്നതില്‍ അസാംഗത്യം ഇല്ല. ഇവിടെ അതൊന്നുമല്ല കാര്യം. ഇന്ത്യയെ തിരിച്ചുപിടിക്കാനും ജനാധിപത്യം നിലനിര്‍ത്താനും മതേതരത്വം കാത്തുസൂക്ഷിക്കാനും പിണറായി കാണുന്ന ഒരേയൊരു വഴി ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അത് മറ്റൊന്നുമല്ല, ഇടതുപക്ഷ മതേതര മുന്നണി ആ മഹാസംരംഭത്തിന് നേതൃത്വം നല്‍കുക എന്നതാണ്. അത്തരം ഒരു മുന്നണിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താന്‍ വിമുഖതയുണ്ടെങ്കിലും തല്‍ക്കാലം അദ്ദേഹം എതിര്‍ക്കുകയില്ല. ബി.ജെ. പിയുമായി സമരസപ്പെട്ടു കിടക്കുന്ന പാര്‍ട്ടിയായതാണ് കോണ്‍ഗ്രസിനോട് അദ്ദേഹത്തിനുള്ള അവജ്ഞതയത്രെ!.
ബി.ജെ.പിയെ അധികാരത്തില്‍നിന്നും പുറത്താക്കാനുള്ള മഹായജ്ഞത്തിന് ഇടതുമുന്നണി നേതൃത്വം വഹിക്കുമത്രെ! ആ പറഞ്ഞതിന്റെ അര്‍ത്ഥം ഫലത്തില്‍ സി.പി.എം ആ യുദ്ധം നയിക്കുമെന്നാണ്. മറ്റാരും അതിന് യോഗ്യരല്ല. സി.പി.ഐ ചിലപ്പോള്‍ അവരോട് ഓരംചാരി നില്‍ക്കാനിടയുണ്ട്. ചുരുക്കിപറഞ്ഞാല്‍ സോണിയാഗാന്ധിയും മമതാബാനര്‍ജിയും പോലുള്ള വന്‍കിട നേതാക്കളും പാര്‍ട്ടികളും ഒന്നുചേര്‍ന്നാല്‍ രൂപപ്പെടാവുന്ന ജനാധിപത്യ മതേതര ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയസഖ്യത്തെ യച്ചൂരിയോ സാക്ഷാല്‍ പിണറായിയോ നയിക്കുമെന്നാണ് സാരം. ചിലപ്പോള്‍ വിജയരാഘവനായാലും അത്ഭുതപ്പെടാനില്ല. സി.പി.ഐക്കു വേണ്ടി ഡി. രാജയോ മറ്റോ ഉണ്ടാകാനും സാധ്യതയുണ്ട്. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനിരിക്കയാണ്. അതില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ രേഖകള്‍ രണ്ടു പാര്‍ട്ടികളും തയ്യാറാക്കിവരികയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയും യെച്ചൂരിയുമൊക്കെ ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടിയോട് സഹകരിച്ചുകൊണ്ട് ബി.ജെ.പിക്ക് ബദല്‍ പണിയുക എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. അങ്ങിനെയിരിക്കെ ദേശീയ തലത്തില്‍ വരാനിടയുള്ള ഒരു രാഷ്ട്രീയ മഹാസഖ്യത്തെ വിഭാവനം ചെയ്യുന്ന വേളയില്‍തന്നെ മുന്‍വിധിയായി അത്തരം ഒരു മുന്നണിയുടെ നേതൃത്വം സി.പി.എമ്മിനാകണം എന്നാണ് പിണറായി വിജയന്‍ പറയുന്നതും. ഒരിക്കലും അദ്ദേഹം സങ്കല്‍പ്പിക്കുകയും വെളിവാക്കിപറയുകയും ചെയ്യുന്ന തരത്തിലൊരു മുന്നണിയെ ഇന്ത്യയിലെ മഹാഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുകയില്ലെന്ന് വ്യക്തമാണല്ലോ. മുന്നണിയുടെ ആവിര്‍ഭാവ സാധ്യതയെപോലും ആ ചിന്ത തടസ്സപ്പെടുത്തുക തന്നെചെയ്യും. ഇതിലേറെ ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന മറ്റെന്തു കാര്യമാണുള്ളത്. മോദി സര്‍ക്കാറിന് പകരംവെക്കാന്‍ സാധ്യതയുള്ള ഒരു പുതിയ മഹാസഖ്യം നിലവില്‍ വരാതിരിക്കാനുള്ള സാധ്യതയാണ് പിണറായി വിഭാവനം ചെയ്യുന്ന സെക്ടേറിയന്‍ കാഴ്ചപ്പാട് മുന്നോട്ട്‌വെക്കുന്നതും. അതുമല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ മഹാസഖ്യമെന്ന പേരില്‍ മതേതര കക്ഷികള്‍ ഏറെകുറെ യോജിച്ചുനിന്നാല്‍ ഏതാനും കൊച്ചു പാര്‍ട്ടികളെ കൂട്ടി മറ്റൊരു സഖ്യമുണ്ടാക്കി സി.പി.എം വേറിട്ടു നില്‍ക്കും എന്ന നിലവരും. അതോടെ ഈ രണ്ടു മുന്നണികളും പരസ്പരം മത്സരിക്കാനിടവരും. അതോടെ ബി.ജെ.പി പോലും പ്രതീക്ഷിക്കാത്തത്ര സുഗമമായി അവര്‍ ജയിച്ചു കയറിയേക്കാം. മമതാബാനര്‍ജിക്കെതിരെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ കോണ്‍ഗ്രസ് മാറി നിന്നത് വളരെ മാതൃകാപരമായ നടപടിയായിരുന്നു. 58000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവിടെ മമത ജയിച്ചപ്പോള്‍ 4000 വോട്ടു വാങ്ങി സാധ്യമാവുന്നത്ര ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ആ മണ്ഡലത്തില്‍ അവര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷേ ഫലം മറിച്ചാകുമായിരുന്നു. ബി.ജെ.പിയുടെ ആഗ്രഹങ്ങള്‍ മതേതര കക്ഷികള്‍ തന്നെ സഹായിച്ചു സഫലീകരിക്കുമായിരുന്നു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് തുരങ്കംവെക്കാനുള്ള നടപടികളാണ് ചില സി.പി.എം നേതാക്കള്‍ സ്വീകരിച്ചു കാണുന്നത്. ഇത്തവണ സി. പി.എം കേന്ദ്ര തലത്തില്‍ പിണറായിയുടെ നയം സ്വീകരിക്കുകയില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെ മുഴുവനായി കാണാനും നാം എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ ആഴം മനസ്സിലാക്കാനും സാധിക്കാത്ത സങ്കുചിത മനസ്‌കരായ രാഷ്ട്രീയ നേതാക്കള്‍ ഏതു പാര്‍ട്ടിയിലായാലും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നവര്‍ തന്നെയാണ്. എല്ലാം പിണറായിയില്‍ മാത്രം ഒതുക്കണമെന്ന് ഇവിടെ പറയുന്നില്ല. ആ നിലപാട് തീര്‍ത്തും അപ്രായോഗികവും ആത്മഹത്യപരവുമാണ്. ഒരുമിച്ചുനില്‍ക്കുകയല്ലാതെ ഇന്ന് ഇന്ത്യയിലെ മതേതര ജനാധിപത്യ കക്ഷികള്‍ക്കു മുന്നില്‍ മറ്റൊരു വഴിയും അവശേഷിക്കുന്നില്ല. ആ വഴിയാകട്ടെ ഏറെ ദുഷ്‌ക്കരവുമായിരിക്കും. എങ്കിലും പ്രത്യാശ അതൊന്നുമാത്രമാണ്. കൂടുതല്‍ അംഗസംഖ്യ പാര്‍ലമെന്റില്‍ നേടാന്‍ കഴിയുന്നവരും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജനപിന്തുണയുള്ളവരുമാണ് സ്വാഭാവികമായി നേതൃത്വത്തില്‍ വരേണ്ടത്. അല്ലെങ്കില്‍ അത്തരം കക്ഷികളോ മുന്നണികളോ അനുവദിക്കുന്ന ആര്‍ക്കും വരാം. ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശം അത്തരം ഒരു അപൂര്‍വ്വ സാഹചര്യത്തിന്റെ സൃഷ്ടിയായിരുന്നു. അത് തകിടം മറിച്ചതും കുബുദ്ധികളും വിഭാഗീയ ചിന്താഗതിക്കാരുമായിരുന്ന സി.പി.എം നേതാക്കള്‍ തന്നെയാണല്ലോ. അങ്ങിനെ സംഭവിച്ചിരുന്നുവെങ്കില്‍ ജ്യോതി ബസു പ്രധാനമന്ത്രിയായി ഭരിക്കുന്ന ഒരിന്ത്യയുടെ ചരിത്രം തന്നെ വെറെയാകുമായിരുന്നു. സ്വന്തം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രഗത്ഭനായതുകൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം സഭയിലുണ്ടാകണമെന്ന് കോണ്‍ഗ്രസ് പോലും ആഗ്രഹിച്ചു. അദ്ദേഹത്തിനവര്‍ വെച്ചുനീട്ടിയ രാജ്യസഭാ സീറ്റ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തട്ടിക്കളഞ്ഞ സി.പി.എമ്മിനെ എങ്ങിനെ വിശ്വസിക്കും.