ജി. സുധാകരനെ സി.പി.എം രാഷ്ട്രീയത്തില്‍ നിന്നും വെട്ടിമാറ്റി പാര്‍ട്ടി പിടിച്ചെടുത്ത സജി ചെറിയാനേറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് ആലപ്പുഴയിലെ സി.പി.എം നേതൃത്വം. ചെങ്ങന്നൂര്‍ എം.എല്‍.എക്ക് ഉപരി ആലപ്പുഴയിലെ സി.പി.എമ്മിന്റെ അവസാനവാക്കായി വളര്‍ന്ന സജി ചെറിയാന്റെ വീഴ്ച ഔദ്യോഗികപക്ഷത്തെയും പ്രതികൂലമായി ബാധിക്കും.
പിണറായിയുടെ വിശ്വസ്തനായി നിന്ന് ആലപ്പുഴയിലെ സി.പി.എമ്മില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്ന സജി ചെറിയാന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ഭാവി കൂടിയാണ് ഇതോടെ തുലാസിലാകുന്നത്. എം.എല്‍.എമാരുടെ എണ്ണത്തിലും സംഘടന ശേഷിയിലും ജില്ലയിലെ ഒന്നാം കക്ഷിയായ സി.പി.എമ്മിന് ആലപ്പുഴ ഇതോടെ മന്ത്രിയില്ലാത്ത ജില്ലയായി മാറി.
പിണറായി സര്‍ക്കാരുകളുടെ കാലത്ത് ജില്ലയില്‍ നിന്നും രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാന്‍. ഒന്നാം പിണറായി സര്‍ക്കാര്‍ ഒന്നര വര്‍ഷം പിന്നിട്ടഘട്ടത്തിലാണ് തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു തോമസ് ചാണ്ടിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. കേവലം എട്ട് വര്‍ഷക്കാലത്തെ ജില്ലയിലെ രാഷ്ട്രീയ നേതൃപദവിയുടെ കരുത്തിലാണ് സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് വരെയെത്തിച്ചത് പിണറായിയുമായുള്ള അടുപ്പമാണ്. ജി.സുധാകരന്റെ തണലിലായിരുന്നു രാഷ്ട്രീയ രംഗത്തെ വളര്‍ച്ച. ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ 2014ല്‍ സി.പി.എം ജില്ലാ സെക്രട്ടറിയായി.
ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്നു കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് 2018ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പിലാണ് സജി ചെറിയാന്‍ ആദ്യമായി എം.എല്‍.എയാകുന്നത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും വീണ്ടും വിജയിച്ച് മന്ത്രിസഭയിലേക്കും എത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജി.സുധകാരന്‍, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ട ഘട്ടത്തില്‍ തന്നെ സജിയുടെ മന്ത്രിസഭ പ്രവേശനം സി.പി.എം കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നു. വര്‍ഷങ്ങളായി ജി. സുധാകരന്‍ നിയന്ത്രിച്ചിരുന്ന ജില്ലയിലെ സി.പി.എമ്മിനെ പൂര്‍ണായും കഴിഞ്ഞ സമ്മേളനകാലത്ത് തനിക്കൊപ്പം നിര്‍ത്തി സജി ചെറിയാനും പാര്‍ട്ടി നേതൃത്വത്തെ തന്റെ കരുത്ത് ബോധിപ്പിച്ചു. സുധാകര വിരുദ്ധ ചേരിയിലുണ്ടായിരുന്ന എം. എം ആരിഫ്, എച്ച്. സലാം, ആര്‍ നാസര്‍, യു പ്രതിഭ ഉള്‍പ്പെടെയുള്ളവരെ ഒരുമിപ്പിച്ചത് സജി ചെറിയാന്റെ നീക്കങ്ങളായിരുന്നു.