X

കുഞ്ഞികൃഷ്ണനെ തള്ളാനും കൊള്ളാനുമാവാതെ സി.പി.എം

CPIM FLAG

കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പില്‍ പ്രശ്‌നപരിഹാരം കാണാനാകാതെ സിപിഎം. കണക്കുകള്‍ തിരിഞ്ഞുകൊത്തുമെന്ന പരിഭ്രാന്തിയില്‍ കുഞ്ഞികൃഷ്ണനെ തള്ളാനുമാകാത്ത കുരുക്കിലായി നേതൃത്വം. ആരോപണ വിധേയരായ എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയെടുത്താല്‍ ഭരണവിരുദ്ധ വികാരമാകുമെന്ന് ഭയം.

സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടിയാണ് നേതൃത്വത്തിന് അഴിയാകുരുക്കായി മാറുന്നത്. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പുതിയ കണക്ക് അവതരിപ്പിച്ചെങ്കിലും അണികള്‍ക്കിടയിലെ മുറുമുറുപ്പ് അടക്കാന്‍ നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ വിഭാഗീയതയും നേതൃത്വത്തിനെതിരെ അസംതൃപ്തിയുമായി കടുത്ത പ്രതിസന്ധിയിലാണ് സിപിഎം. രക്തസാക്ഷി കുടുംബ സാഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ടിഐ മധുസൂദനന്‍ എംഎല്‍എയുള്‍പ്പെടെ ആരോപണ വിധേയര്‍ക്കെതിരെയും ഏരിയാ സെക്രട്ടറിയും പരാതിക്കാരനുമായ വി കുഞ്ഞികൃഷ്ണനെതിരെയും നടപടി കൈകൊണ്ടതാണ് പയ്യന്നൂരില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയായിരുന്നു മധുസൂദനന്‍ എംഎല്‍എക്കെതിരെ നടപടി.

പരാതിക്കാരനായ കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചത്. ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉള്‍പ്പെടെ കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എംഎല്‍എക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചിരുന്നു. എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ സര്‍ക്കാറിന്റെ പ്രതിഛായയെ തന്നെ ബാധിക്കുമെന്നാണ് സിപിഎം ഭയം.

ഇന്ന് നിയമസഭാ സമ്മേളനവും കൂടി ആരംഭിച്ച സാഹചര്യത്തില്‍ മറുപടി നല്‍കേണ്ട അവസ്ഥയിലാകും ഭരണപക്ഷം. ആരോപണ വിധേയരെയും പരാതിക്കാരനായ കുഞ്ഞികൃഷ്ണനെയും പിണക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പ്രശ്‌നം പരിഹരിക്കാനാകാതെ പ്രതിരോധത്തിലാകുന്ന അവസ്ഥയില്‍ എന്ത് ചെയ്യാനാകുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ കൂടിയാലോചനകള്‍. അതേസമയം പാര്‍ട്ടിക്ക് വഴങ്ങിയില്ലെങ്കില്‍ കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ധനാപഹരണം നടന്നിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുകയും പുതിയ കണക്ക് ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയേറുന്നത്. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് അച്ചടക്ക ലംഘനമായി കണക്കാക്കും. ഏരിയാ കമ്മിറ്റി അംഗീകരിച്ച ആരോപണ വിധേയരുടെ കണക്കുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതില്‍ അദ്ദേഹത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും നടപടിയെന്നാണ് സൂചന. ഫണ്ട് ദുര്‍വിനിയോഗം നടന്നെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിടുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

Chandrika Web: