വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്ലിംലീഗ് നടത്തിയ മഹാപ്രക്ഷോഭത്തിന് ശേഷം മുസ്ലിംലീഗിനെ ആര് ഗൗനിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. എന്നാല്‍ അതേ പിണറായി തന്നെ മുസ്ലിംലീഗിന്റെ പ്രക്ഷോഭത്തെ മാനിച്ച് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത് നിയമസഭാ പാര്‍ട്ടി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കേവലം നൂറിലേറെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ഇതിനെതിരെ നിരന്തരം ശബ്ദിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന പക്ഷപാത രാഷ്ട്രീയത്തിന്റെ ഗണത്തിലാണ് ഇത് ഉള്‍പ്പെടുക. റിക്രൂട്ട്മെന്റെല്ലാം ഇവിടെ മുടങ്ങിയിരിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ നിയമമായിരുന്നു ഇത്. മുസ്ലിംലീഗ് അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ചെയ്യാതിരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. വഖഫ് സ്വത്തുക്കളുടെ വരുമാനം കൊണ്ടാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇത് പി.എസ്.സിക്ക് വിടേണ്ട ആവശ്യമെന്താണ്? -പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറുമെന്നും പകരം സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചത്.