തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മദ്യശാലകള്‍ തുറക്കാനും പുതിയ മദ്യോല്‍പാദന മാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കിയും സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തിനെതിരെ തുറന്നടിച്ച് സി.പി.ഐ. വിദേശമദ്യഷാപ്പുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ മദ്യനയമെന്ന് മുന്‍മന്ത്രിയും സി.പി.ഐയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ എ.ഐ. ടി.യു.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി.രാജേന്ദ്രന്‍ വിമര്‍ശിച്ചു. പൂട്ടിയ കള്ളുഷാപ്പുകള്‍ തുറക്കണമെന്നും ദൂരപരിധി എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യാസക്തിയി ല്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശമദ്യഷാപ്പുകളുടെ എണ്ണം കൂട്ടുന്നത് ഇതിന് തിരിച്ചടിയാണെന്നും കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറച്ച്, മദ്യവര്‍ജനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് പുതിയ മദ്യനയമെന്നു കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡി.പി. മധു പറഞ്ഞു. പുതിയ മദ്യക്കടകള്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേഷിച്ച് പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കാനും പ്രഖ്യാപിത മദ്യനയം വെള്ളം ചേര്‍ക്കാതെ നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മദ്യനയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് സി.പി.ഐ നേതാക്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. യു.ഡി.എഫ് നേതാക്കള്‍ മദ്യനയത്തെ ശക്തമായി എതിര്‍ക്കുകയും സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ഇടിത്തീപോലെ സി.പി.ഐ വിമര്‍ശനം. അതേസമയം മദ്യനയത്തില്‍ സി.പി. ഐയുടെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രതികരണം.