X

സര്‍ക്കാരിനും റവന്യൂ വകുപ്പിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഇടുക്കിയിലെ സി.പി.ഐ പ്രാദേശിക നേതൃത്വം

റവന്യൂ വകുപ്പിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടുക്കിയിലെ സി.പി.ഐ പ്രാദേശിക നേതൃത്വം. ദേവികുളം മണ്ഡലം കമ്മിറ്റിയാണ് റവന്യൂ വകുപ്പിനെതിരെ ഭൂവിഷയങ്ങള്‍ ഉന്നയിച്ച് സമരത്തിന് തയ്യാറെടുക്കുന്നത്. മൂന്നാര്‍ മേഖലയില്‍ വിഎസിന്റെ കാലത്ത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരം ആയിട്ടില്ലെന്നാണ് ആരോപണം.

വരുന്ന 23ന് അഞ്ച് വില്ലേജ് ഓഫീസുകള്‍ ഉപരോധിക്കും. നവംബര്‍ ഒന്നിന് ദേവികുളം ആര്‍ഡിഒ ഓഫീസും ഉപരോധിക്കുവാനാണ് സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനം. വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആയില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി ചന്ദ്രപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാരും നേതൃത്വവും തിരിച്ചറിയുന്നില്ലെങ്കില്‍ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പേരില്‍ വട്ടവടയില്‍ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ കയറുവാന്‍ പോലും കഴിയുന്നില്ല. 15 വര്‍ഷമായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല. തമിഴ് ജനത താമസിക്കുന്ന പ്രദേശത്തെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുന്നില്ല എന്നും ആരോപണമുണ്ട്.

റവന്യൂ വകുപ്പിനെതിരായ മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധത്തിന് ജില്ലാ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ചുമതലക്കാരനും കത്ത് മുഖേന അറിയിപ്പ് നല്‍കിയിരുന്നു.

ഭൂപ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നു എന്ന് ഇടുക്കിയിലെത്തിയ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പിനെതിരെ പ്രതിഷേധം ഘടിപ്പിക്കുവാന്‍ സി.പി.ഐ പ്രാദേശിക നേതൃത്വം തന്നെ രംഗത്തെത്തുന്നത്. ഭൂപശയത്തില്‍ റവന്യൂ വകുപ്പിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത് സിപിഐ രംഗപ്രവേശം ചെയ്യുന്നത് ഇടതുപക്ഷത്തിനും വെല്ലുവിളിയായിട്ടുണ്ട്.

webdesk13: