അടൂര്‍: കുത്താന്‍ വന്ന പശുവിനെ കണ്ടു പേടിച്ചോടിയ അമ്മയും മകനും 32 അടി താഴ്ചയുള്ള കിണറ്റില്‍ വീണു. മണിക്കൂറുകളുടെ ശ്രമഫലമായി നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി. പെരിങ്ങനാട് കടക്കല്‍ കിഴക്കേതില്‍ വൈശാഖിന്റെ ഭാര്യ രേഷ്മ (24)ഒരു വയസ്സുള്ള മകന്‍ വൈഷ്ണവ് എന്നിവരാണ് കിണറ്റില്‍ വീണത്. റബ്ബര്‍ തോട്ടത്തിലൂടെ കുഞ്ഞിനെ ഒക്കത്തിരുത്തി പോകവേ പശുകുത്താന്‍ വരുകയായിരുന്നു.
നാട്ടുകാര്‍ ഉടനെ തന്നെ കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് അഗ്‌നിശമന സേന എത്തി മണിക്കൂറുകളുടെ ശ്രമഫലത്താല്‍ അമ്മയെയും പുറത്തെത്തിച്ചു. ഇരുവര്‍ക്കും പരിക്കുകള്‍ ഒന്നും തന്നെ ഇല്ല. കിണറ്റിന്റെ മുകള്‍വശം ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ഇട്ടു മറച്ചതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.