പശുക്കടത്താണെന്ന് ആരോപിച്ച് ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ആര്യന്‍ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര. കഴിഞ്ഞയാഴ്ചയാണ് ഫരീദാബാദ് സ്വദേശിയായ 19 കാരനെ വെടിവെച്ചു കൊന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പശുക്കടത്താണെന്ന് തെറ്റിദ്ധരിച്ച ഗോരക്ഷാഗുണ്ടകളാണ് കൊലപാതകികളെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഗോരക്ഷാഗുണ്ടയായ കേസിലെ മുഖ്യപ്രതിയും ബജറംഗ്ദള്‍ നേതാവുമായ അനില്‍ കൗശികിനെ മകന്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ പിതാവ് സിയാനന്ദ് മിശ്ര ഫരീദാബാദിലെ ജയിലിലെത്തി സന്ദള്‍ശിച്ചു.
‘അനില്‍ കൗശിക് തന്റെ കാലില്‍ തൊട്ടു മാപ്പ് ചോദിച്ചു. എന്റെ മകന്‍ മുസ്‌ലിമാണെന്ന് കരുതിയാണ് അവന്‍ കൊന്നത്. ഒരു ബ്രാഹ്മണനെ കൊന്നതില്‍ അവന്‍ ഇപ്പോള്‍ ഖേദിക്കുന്നു’ മകന്റെ കൊലയാളിയുമായി ആഗസ്റ്റ് 27 ന് ജയിലില്‍ നടത്തിയ കൂടിക്കാഴ്ചയെ പറ്റി ദ പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങളോട് സിയാനന്ദ് മിശ്ര വിശദീകരിച്ചതിങ്ങനെയാണ്. ബജ്റംഗ്ദള്‍ അംഗവും ക്രിമിനലുമായ അനില്‍ ഫരീദാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.19 കാരനായ ആര്യന്‍ മിശ്രയെ കൊലപ്പെടുത്തിയ കേസില്‍ ഗോരക്ഷാഗുണ്ടകളായ അനില്‍ കൗശിക്കടക്കം 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുണ്ടാപിരിവിന്റെ പേരില്‍ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍, ആര്യനും സുഹൃത്തുക്കളും അവരുടെ കാറില്‍ പശുക്കളെ കടത്തുകയായിരുന്നുവെന്ന് സംശയിച്ചാണ് വെടിവച്ചതെന്ന് കൗശിക്കും കൂട്ടാളികളും വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ സാബിര്‍ മാലിക് എന്ന കുടിയേറ്റ തൊഴിലാളിയെ ബീഫ് കഴിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഗോരക്ഷാഗുണ്ടകള്‍ അടിച്ചുകൊന്നത്. ആ സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് പ്ലസ്ടു വിദ്യാര്‍ഥിയെ പശുക്കടത്താരോപിച്ച് വെടിവെച്ച് കൊല്ലുന്നത്.
‘നിങ്ങള്‍ എന്തിനാണ് ഒരു മുസ്‌ലിമിനെ കൊല്ലുന്നത് പശു മാത്രമാണോ കാരണം. നിങ്ങള്‍ക്ക് കാറിന്റെ ചക്രത്തില്‍ വെടിവെക്കാമായിരുന്നു അല്ലെങ്കില്‍ പൊലീസിനെ വിളിക്കാമായിരുന്നു. എന്തിനാണ് നിയമം കൈയിലെടുക്കുന്നതെന്ന് ചോദിച്ചെങ്കിലും കൗശിക്ക് അതിനോട് പ്രതികരിച്ചില്ലെന്ന് സിയാനന്ദ് മിശ്ര പറഞ്ഞു. ‘കാറിന്റെ വിന്‍ഡോയില്‍ സണ്‍ഫിലിം ഒട്ടിച്ചിരുന്നു. അതിലുടെ ആര്യന്‍ തന്നെ നോക്കി കൈകൂപ്പുന്നത് ഞാന്‍ കണ്ടു’ ആര്യന്റെ നെഞ്ചിലേക്ക് വെടിവെച്ച ?അനില്‍ കൗശിക് പറഞ്ഞുവെന്ന് സിയാനന്ദ് മിശ്ര ഓര്‍ത്തു. കൗശികുമായി മൂന്ന് മിനിറ്റാണ് സിയാനന്ദ് മിശ്ര സംസാരിച്ചത്.
ആഗസ്റ്റ് 27 ന് ആര്യ?ന്റെ സംസ്‌കാരചടങ്ങുകളുമായി ബന്ധപ്പെട്ട് കുടുംബം പ്രയാഗ് രാജിലായിരിക്കുമ്പോഴാണാണ് സിയാനന്ദ് മിശ്രക്ക് പൊലീസില്‍ നിന്ന് ഫോണ്‍കോള്‍ വരുന്നത്. കൊലപാതകത്തില്‍ ഗോരക്ഷാഗുണ്ടകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ ആദ്യം മിശ്ര തയ്യാറായില്ലെന്ന് മാത്രമല്ല, ആ വിവരം പുറത്തുവിടരുതെന്ന് പൊലീസിനോട് അപേക്ഷിക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതികളെ കാണാന്‍ പൊലീസിനോട് അവസരമൊരുക്കണമെന്നും അവരോട് സംസാരിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കുറ്റവാളികളുമായി കൂടിക്കാഴ്ച നടത്താന്‍ പൊലീസ് മിശ്രക്ക് സൗകര്യമൊരുക്കിയത്. ‘സണ്‍ഗ്ലാസ് ഒട്ടിച്ച കാര്‍ കണ്ടതിനാലാണ് ശ്രദ്ധിച്ചത്. സാധാരണ സണ്‍ഫിലിം ഒട്ടിച്ച കാറുകള്‍ ഉപയോഗിക്കുന്നത് പശുക്കളെ പല്‍വാലിലേക്കോ നുഹിലേക്കോ കടത്തുന്നവരാണ്. കാറിന്റെ ഉള്ളിലുള്ളവരുടെ മുഖം വ്യക്തമായി കാണാന്‍ പറ്റിയില്ലെന്നും വെടിവെക്കുകയായിരുന്നുവെന്നും കൗശിക് പറഞ്ഞതായി മിശ്ര പറഞ്ഞു.
ഗോരക്ഷാഗുണ്ടകള്‍ക്ക് ഞങ്ങള്‍ സ്വാതന്ത്ര്യം നല്‍കിയതുകൊണ്ടാണ് ആളുകളെ വെടിവെച്ചു കൊല്ലാന്‍ അവര്‍ക്ക് അനധികൃതമായി തോക്കുകള്‍ സൂക്ഷിക്കാന്‍ കഴിയുന്നതെന്ന് മിശ്ര പറഞ്ഞു. തന്റെ മകന്‍ ഒരു പശുക്കടത്തുകാരനായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്കയും മിശ്രക്കുണ്ട്. എന്റെ മകന്‍ പശുക്കടത്തുകാരനല്ല. അവന്‍ തികഞ്ഞ ഹിന്ദുവായിരുന്നുവെന്നും മിശ്ര പറഞ്ഞു.
അവന്‍ തികഞ്ഞ വിശ്വാസിയായിരുന്നുവെന്നാണ് അമ്മയുടെ പ്രതികരണം. ആര്യന്റെ മരണത്തില്‍ നീതിതേടി പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പ്രദേശത്ത് ഫ്‌ലക്‌സുകളും പതിച്ചിട്ടുണ്ട്. ഗോരക്ഷയുടെ പേരിലുള്ള ഈ നിയമലംഘനം അവസാനിപ്പിക്കണമെന്നും ഞാനത് അംഗീകരിക്കുന്നില്ലെന്നും മിശ്ര പറഞ്ഞു. അതേസമയം പശുക്കടത്താരോപിച്ച് നടത്തിയ ആക്രമണത്തില്‍ ബ്രാഹ്മണന്‍ കൊല്ലപ്പെട്ടത് ബജ്റംഗ്ദള്‍ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പല്‍വാലിലെയും ഫരീദാബാദിലെയും ഗോരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഗുണ്ടകള്‍ക്കും നേതൃത്വം നല്‍കുന്നവരിലൊരാള്‍ പറഞ്ഞത്.
എല്ലാ ‘ഗോ രക്ഷാപ്രവര്‍ത്തകരോടും’ നിയമം കൈയിലെടുക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഈ സംഭവം ഞങ്ങള്‍ക്ക് കളങ്കമാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഞങ്ങള്‍ ഞങ്ങളുടെ സഹോദരനെ കൊന്നുവെന്നത് സങ്കടകരമായ കാര്യമാണ്’ ഗോരക്ഷാഗുണ്ടയും ബജ്റംഗ്ദള്‍ അംഗവുമായ ശൈലേന്ദ്ര ഹിന്ദു പറഞ്ഞു.
ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ എന്‍.എച്ച്-19ല്‍ ഗഡ്പുരി ടോള്‍ പ്ലാസയ്ക്ക് സമീപം 25 കിലോമീറ്ററോളം കൗശിക്കും സംഘവും പിന്തുടര്‍ന്നാണ് ആര്യനെ വെടിവെച്ചുകൊല്ലുന്നത്. ആര്യനെ കൂടാതെ സുഹൃത്ത് ഹര്‍ഷിത് ഗുലാത്തി (23), സഹോദരന്‍ ഷാങ്കി (26), ഇവരുടെ അമ്മ സുജാത (45), സുഹൃത്ത് കീര്‍ത്തി (49) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പശുക്കളെ കടത്താന്‍ എസ്യുവി വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ഗോരക്ഷാഗുണ്ടാ സംഘങ്ങളിലൊന്നായ കൗശികിന്റെ സംഘത്തിന് സൂചന ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡസ്റ്റര്‍ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.
അതേസമയം, ആര്യനൊപ്പമുണ്ടായിരുന്നവരെ കുറ്റവാളികളാക്കാനുള്ള പ്രചരണമാണ് ഗോരക്ഷാഗുണ്ടകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. കൊലപാതകത്തില്‍ കൗശിക്കിനെ അറസ്റ്റ് ചെയ്തതില്‍ പ്രദേശവാസികള്‍ക്ക് വലിയ നിരാശയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ദൈവത്തിന് വേണ്ടി പശുക്കളെ രക്ഷിലാണ് കൗശിക്ക് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അവന്‍ എന്തിനാണ് ഒരു നിരപരാധിയെ കൊല്ലുന്നതെന്നായിരുന്നു’ ഫരീദാബാദിലെ ഒരു കടയുടമ ചോദിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളും ഗൂഡാലോചന സിദ്ധാന്തങ്ങളുമായി നിരവധി പേരാണ് ആ കടയില്‍ ഒത്തുചേര്‍ന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് പറയുന്നു.
കൊലപാതകത്തില്‍ അനില്‍ കൗശിക്, വരുണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ആദേശ് സിംഗ്, സൗരവ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെടിവെപ്പിന്ന് ശേഷം കാറില്‍ സ്ത്രീകളെ കണ്ടതോടെ ആളുമാറിയെന്ന് തിരിച്ചറിഞ്ഞ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അനിലിന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.