ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഹംഗറിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന് ഹംഗറിയുടെ ക്ഷണം ലഭിച്ചത്.
ഹംഗറിയുടെ ക്ഷണം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹംഗറിയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ വിക്ടര്‍ ഓര്‍ബനാണ് ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈലി ഭരണകൂടം അതിക്രമങ്ങള്‍ തുടരുമ്പോഴും നെതന്യാഹുവിനെ രാജ്യത്തേക്ക് ക്ഷണിച്ചത്.
‘നെതന്യാഹു വന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രകാരമുള്ള ഒരു നടപടിയും ഉണ്ടാകില്ല ഞാന്‍ ഉറപ്പ് നല്‍കുന്നു,’ എന്ന് ഓര്‍ബര്‍ ഹംഗറിയിലെ ഒരു പ്രാദേശിക റേഡിയോ സ്‌റ്റേഷന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹുവോ ഗാലന്റോ ഐ.സി.സിയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഐ.സി.സി അംഗങ്ങളായ ഹംഗറി, ചെക്കിയ, അര്‍ജന്റീന അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രാഈലിനെതിരായ അറസ്റ്റ് വാറണ്ട് തള്ളുന്നതായി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രയോഗിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സും നെതര്‍ലന്‍ഡും പറഞ്ഞിരുന്നു. ബെല്‍ജിയവും സ്‌പെയിനും ഐ.സി.സി നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്നുമുണ്ട്.
ഐ.സി.സിയുടെ അറസ്റ്റ് വാറണ്ട് പൂര്‍ണമായിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കുമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും ഓസ്ട്രിയ അറിയിച്ചു. നെതന്യഹുവിനെ കസ്റ്റഡിയിലെടുക്കുമെന്ന് സ്ലോവേനിയയും പ്രതികരിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് വ്യക്തമല്ല.