കൊച്ചി: ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്‍ നാല് പേര്‍ക്ക് 10 വര്‍ഷം തടവും മൂന്നു പേര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.മുഖ്യ പ്രതികളായ കെ. വി. സുരേഷ്, ലിസി സോജന്‍, സേതു ലാല്‍, എ.പി.മനീഷ് എന്നിവര്‍ക്കാണ് 10 വര്‍ഷം തടവ്. അനില്‍ കുമാര്‍, ബിന്ദു, ശാന്ത എന്നീ പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും വിധിക്കുകയായിരുന്നു കോടതി. അതേസമയം സുധര്‍മ്മന്‍, വര്‍ഗീസ് റാഫേല്‍, പി. കെ. കബീര്‍, സിറാജ്, പി. എ. റഫീഖ്, എസ്. മുസ്തഫ എന്നിവരെ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 73 സാക്ഷികളെയും പ്രതിഭാഗത്ത് നിന്ന് ഏഴ് സാക്ഷികളെയും വിസ്തരിച്ചത്.
മനുഷ്യക്കടത്ത് സംഘം ഷാര്‍ജയിലേക്കു കടത്തിയ കഴക്കൂട്ടം സ്വദേശിനി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മുംബൈയില്‍ എത്തിയതോടെയാണ് മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസ് ചുമത്തുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യകേന്ദ്രങ്ങളിലെത്തിക്കുന്നതിനു വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുകയും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ മനുഷ്യക്കടത്തു നടത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.