കൊച്ചി: പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരൊക്കെ രാജിവച്ച് പോകാനുള്ള മാന്യത കാട്ടണമെന്നും പ്രതിക്ഷ നേതാവ് പ്രതികരിച്ചു. സര്‍വകലാശാലകളില്‍ പിന്‍വാതിലിലൂടെ സ്വന്തക്കാരെയും ബന്ധുക്കളെയും സി.പി.എം തിരുകിക്കയറ്റുകയാണെന്നും 25 വര്‍ഷം അധ്യാപന പരിചയമുള്ള ഉദ്യോഗാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാണ് അധ്യാപന പരിചയമില്ലാത്ത ആളെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്വന്തക്കാരെ മുഴുവന്‍ തിരുകിക്കയറ്റാന്‍ നാണമില്ലേ എന്നും ചോദിച്ചു. പിന്‍വാതിലിലൂടെ കയറിയവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണം മുടക്കിയാണ് കേസ് നടത്തുന്നതെന്നും തുറന്നടിച്ചു.
കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷ മുഴുവന്‍ നഷ്ടമായിരിക്കുകയാണ്. പാര്‍ട്ടി ബന്ധുക്കളായ താല്‍ക്കാലികക്കാരെ പുറത്താക്കാതിരിക്കാന്‍ വകുപ്പ് മേധാവിമാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതുകൊണ്ട് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറുപ്പക്കാരെ ഇതുപോലെ വഞ്ചിച്ച സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനങ്ങളൊക്കെ നടക്കുന്നത്. മുഖ്യമന്ത്രി അധികാരത്തില്‍ വന്നതിന് ശേഷം ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പാര്‍ട്ടിക്കാര്‍ക്ക് വിട്ടുകൊടുത്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് നിയമനങ്ങള്‍ നടത്തുന്നത്. മേയറുടെ കത്ത് നശിപ്പിച്ച് കളഞ്ഞുകൊണ്ട് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പൊലീസിനെ ഭരിക്കുമ്പോള്‍ എങ്ങനെ നീതി നടപ്പിലാകുമെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.