X

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ നാളെ നാടിനു സമര്‍പ്പിക്കും

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. പരമ്പരാഗത മെട്രോ സംവിധാനത്തിനു സമാനമായ അനുഭവവും യാത്രാസുഖവും ഉള്ള സവിശേഷ നഗര ഗതാഗത സംവിധാനമാണിത്. കൊച്ചി പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണിത്. കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകും.

പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. ഹൈക്കോടതി-വൈപ്പിന്‍ ടെര്‍മിനലുകള്‍, വൈറ്റില-കാക്കനാട് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആദ്യഘട്ട സര്‍വീസാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 26 മുതല്‍ പൊതുജനങ്ങള്‍ക്കായി പ്രതിദിനസര്‍വീസ് ആരംഭിക്കും. 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താനാകും. വൈറ്റിലയില്‍ നിന്ന് വാട്ടര്‍ മെട്രോയിലൂടെ 25 മിനിറ്റിനകം കാക്കനാടും എത്താം. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.

webdesk11: