പൂനൂര്‍ : കനത്ത മഴയില്‍ ആഴത്തിലുള്ള വെള്ളക്കെട്ടില്‍ വീണ് കുഞ്ഞുസഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ വേദനയിലാണ് ഒരു നാടു മുഴുവന്‍. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടല്‍ ജീവനക്കാരന്‍ വടക്കൊരു അബ്ദുല്‍ ജലീലിന്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവര്‍ന്നെടുത്ത ദുരന്തത്തില്‍ കണ്ണീരണിയുകയാണ് കോരങ്ങാട്. വെള്ളക്കെട്ടില്‍ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിര്‍ (7) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണ്മാനില്ല എന്ന വിവരം നാട്ടിലറിയുന്നത്. വീടിന് സമീപത്ത് ട്യൂഷന് പോയ സഹോദരങ്ങള്‍ എത്തിയില്ലെന്ന് ട്യുഷന്‍ ടീച്ചര്‍ അറിയിച്ചതോടെ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് പാറയ്ക്ക് സമീപത്തായുള്ള വെള്ളകെട്ടിന് അടുത്തായി കുട്ടികളുടെ ബാഗും ചെരുപ്പും കണ്ടെത്തുന്നത്. തുടര്‍ന്നാണ് വെളളക്കെട്ടില്‍ നിന്നും കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മഴ പെയ്ത് വെള്ളം നിറഞ്ഞ ആഴത്തിലുള്ള വലിയ കുഴിയിലാണ് കുട്ടികള്‍ വീണതും ദുരന്തം സംഭവിച്ചതും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മുഹമ്മദ് ഹാദിയുടെയും മുഹമ്മദ് ആഷിറിന്റെയും മൃതദേഹങ്ങള്‍ കോരങ്ങാട് ജി എം എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോരങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. മുഹമ്മദ് ഹാദി താമരശ്ശേരി കോരങ്ങാട് ജി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും മുഹമ്മദ് ആഷിര്‍ കോരങ്ങാട് ജി എം എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്നു. വട്ടക്കൊരുവിനെ തുടര്‍ച്ചയായി ദുരന്തം ദു:ഖത്തിലാഴ്ത്തുകയാണ്. ഒരു മാസം മുമ്പ് വാഹനപകടത്തില്‍ പരുക്കേറ്റ് ഇവിടെത്തെ യുവദമ്പതികള്‍ മരണപ്പെട്ടതിന്റെ സങ്കടം മാറിയിട്ടില്ല. ബാലുശ്ശേരി കോക്കല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വട്ടക്കൊരു അഖില്‍ (30 ) ഭാര്യ വിഷ്ണുപ്രിയ (26) എന്നിവര്‍ ജൂണ്‍ 14 നാണ് മരണപ്പെടുന്നത്.