X

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

webdesk13: