വ്യവസായ രംഗത്തെ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം. രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്. മുംബൈയിലെ വോര്‍ളി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ്)യിലെ പൊതുദര്‍ശനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അമിത് ഷാ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ശരത് പവാര്‍, സുപ്രിയ സുലേ, ഉദ്ധവ് താക്കറേ, ഏക്നാഥ് ഷിന്‍ഡേ, ഭൂപേന്ദ്ര പട്ടേല്‍, പിയൂഷ് ഗോയല്‍ മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരും പങ്കെടുത്തു. സിനിമാ രംഗത്തെ നിരവധി പേര്‍ രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിക്കാന്‍ എന്‍സിപിഎയിലെത്തി. വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്.
രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ വിപണിയിലെത്തിച്ച ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കീഴിലെത്തിച്ച, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച വ്യവസായിയാണ് രത്തന്‍ ടാറ്റ. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.
വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.