കെ.പി. ജലീല്‍
തിരുവനന്തപുരം
സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് കണ്ണൂരില്‍ ആരംഭിക്കുമ്പോള്‍ സമ്മേളനത്തില്‍ പ്രധാനകല്ലുകടിയാകുക കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമാകും. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച പാര്‍ട്ടികോണ്‍ഗ്രസിനായുള്ള കരടുരേഖയില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പുബന്ധം സ്ഥാപിക്കുന്നതിനെതിരായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതാകട്ടെ കേരളഘടകത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ്. പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള പാര്‍ട്ടിക്ക് പിന്തുണയുള്ള അവശേഷിക്കുന്ന സംസ്ഥാനഘടകങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് അവിടങ്ങളിലെ നേതാക്കള്‍ വാദിക്കുന്നത്. ഇതിനോട് കേന്ദ്രഘടകത്തിലെ ജനറല്‍സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അനുകൂലനിലപാടാണുള്ളതും.എന്നാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള കേരളഘടകം. മാത്രമല്ല, തമിഴ്നാട് പോലെ മറ്റുപാര്‍ട്ടികളുമായുള്ള സഖ്യത്തെക്കുറിച്ചാണ് കേരളം ചര്‍ച്ചചെയ്യുന്നത്.
ഇത് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രായോഗികമല്ലെന്ന് അറിഞ്ഞിട്ടും കേരളത്തിലെ നേതാക്കള്‍ ബന്ധത്തിന് എതിരുനില്‍ക്കുകയാണ്. ഇതുസംബന്ധിച്ചാകും സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയം. അതേസമയം കേരളഘടകം മുന്നോട്ടുവെച്ചിരിക്കുന്ന പുത്തന്‍സാമ്പത്തികനയവും കേന്ദ്രനിലപാടിനും കരടുരേഖക്കും എതിരുമാണ്.
വന്‍കിട വ്യവസായങ്ങളെയും കെ.റെയില്‍പോലുള്ള പദ്ധതികളെയും അനുകൂലിക്കുന്നതും തൊഴിലാളികളോടൊപ്പം ഇടത്തരക്കാരെയും രമ്യപ്പെടുത്തുന്നതുമായ നിലപാടാണ് കേരളത്തിന്റേതെങ്കില്‍ കേന്ദ്രത്തിന്റേത് മറിച്ചാണ്. ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്ന അഖിലേന്ത്യാനേതൃത്വം കെ.റെയിലിനെ പൂര്‍ണമായും പിന്തുണച്ചിട്ടുമില്ല. മൊത്തത്തില്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകളാകും എണ്ണൂറിലധികം വരുന്ന പ്രതിനിധികള്‍ നടത്തുക. പ്രത്യയശാസ്ത്രം പറഞ്ഞ് മുമ്പ് സ്വന്തംനേതാവായ ജ്യോതിബസുവിന് പ്രധാനമന്ത്രിക്കസേര നിഷേധിച്ചവരാണ് കേരളത്തിലേതെന്ന് പലരും ഈയവസരത്തില്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്. അതാകട്ടെ ബി.ജെ.പിയുടെ വരവിന് ഗുണകരമാകുകയും ചെയ്തിരുന്നു. അതിന്റെ ആവര്‍ത്തനമാകും ഒരുപക്ഷേ ഇത്തവണയും കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഭവിക്കുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.