കർണാടകയിലെ ഫാക്ടറികളിലെ ജോലി സമയം 12 മണിക്കൂർ എന്നതിൽനിന്ന് എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സന്ദർശിച്ച സംയുക്ത ഹോരാട്ട കർണാടക പ്രതിനിധി സംഘത്തിനാണ് ഉറപ്പുനൽകിയത്. ദലിത്- തൊഴിലാളി-വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന കൂട്ടായ്മയാണ് സംയുക്ത ഹോരാട്ട കർണാടക.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബി.ജെ.പി സർക്കാർ ഫാക്ടറീസ് (കർണാടക ഭേദഗതി) ബിൽ നിയമസഭയിൽ പാസാക്കിയത്. ഇതുപ്രകാരം, ഫാക്ടറികളിലെ ഷിഫ്റ്റ് എട്ടു മണിക്കൂറിൽനിന്ന് 12 മണിക്കൂറായി ഉയർത്തി. എന്നാൽ, ആഴ്ചയിൽ ജോലി സമയം 48 മണിക്കൂറിൽ കൂടരുതെന്നും ബില്ലിൽ നിഷ്കർഷിച്ചിരുന്നു.
കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റമെന്നായിരുന്നു ബി.ജെ.പി സർക്കാറിന്റെ വിശദീകരണം.
12 മണിക്കൂർ ജോലി ചെയ്യൽ നിർബന്ധമില്ലെന്നും പ്രസ്തുത ബിൽ സർക്കാർ പുനഃപരിശോധിച്ച് ജോലി സമയം തിരികെ എട്ടു മണിക്കൂറാക്കി ചുരുക്കുമെന്നും സിദ്ധരാമയ്യ നിവേദക സംഘത്തിന് മറുപടി നൽകി.