ഹിന്‍ഡന്‍ബര്‍ഗ് – സെബി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പോരാട്ടം ശക്തിപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും വിഷയത്തില്‍ ശക്തമായ സമ്മര്‍ദം ഉയര്‍ത്തും. സെബിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് സംഭവിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സെബി ചെയര്‍പഴ്‌സന്‍ രാജിവയ്ക്കുന്നില്ല. അദാനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത് സെബിയാണ്. ഇപ്പോള്‍ ആ സെബിയുടെ ചെയര്‍പേഴ്‌സന് തന്നെ അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഓഹരി പങ്കാളിത്തം ഉണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്തെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
വിഷയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായാണ് നാഷനല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഇ.ഡി നോട്ടിസ് അയക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇ.ഡി നോട്ടിസ് എന്ന് പറഞ്ഞ് വിരട്ടാന്‍ ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാല്‍ തുറന്നടിച്ചു.