X

കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല; കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂറ്റൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്. ജാതീയ അധിക്ഷേപത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി ആളുകളാണ് സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘മോഹിനിയാട്ടം കളിക്കുന്ന ആളുകള്‍ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാല്‍ ദൈവം പോലും സഹിക്കില്ല’, സത്യഭാമ പറഞ്ഞു. സത്യഭാമയുടെ പരാമര്‍ശം അപമാനകരമാണെന്നാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കാന്‍ പാടില്ലെന്നത് അപമാനകരമായ പ്രസ്താവന ആണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരം എന്നതിന് അപ്പുറം കലയിലേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലത്തിലെ പഠന കാലത്തും ഇത്തരത്തിലുള്ള ജാതീയ പരാമര്‍ശങ്ങള്‍ താന്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. മോഹനിയാട്ടത്തില്‍ പി.എച്ച്.ഡിയും എം.ജി സര്‍വകലാശാലയില്‍ നിന്ന് എം.എ മോഹനിയാട്ടം ഒന്നാം റാങ്കോടെ പാസായ ആളുമാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

webdesk13: