X

കളക്ടര്‍ ഒറ്റയാള്‍ പട്ടാളമല്ല; വായനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് സംസാരിക്കുന്നു

വായനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് കട്ടിംഗ് എഡ്ജില്‍ സംസാരിക്കുന്നു.

ഡോ. രേണുരാജ് ഐ.എ.എസ്
/പി. ഇസ്മായില്‍

അഭിമുഖം തുടര്‍ച്ച

ജീവിതത്തിലാദ്യം കലക്ടറെ കണ്ട അനുഭവം?

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്നും കലക്ടറാവണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹമറിഞ്ഞ അഛന്‍, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അതിനൊരു അവസരമുണ്ടാക്കിത്തന്നു. അച്ഛനോടൊപ്പം അന്നത്തെ കോട്ടയം കലക്ടറായിരുന്ന മിനി ആന്റണി ഐ.എ.എസിനെ സന്ദര്‍ശിച്ചത് പുതിയൊരു അനുഭവമായിരുന്നു. അഞ്ചു മിനിറ്റ് നേരത്തെ ആ സംസാരത്തിനിടെ കലക്ടറുടെ ജോലി എവ്വിധമാണെന്ന് നേരില്‍കാണാന്‍ കഴിഞ്ഞത് ആഗ്രഹത്തിന് ബലമായി. പിന്നീടൊരിക്കല്‍ പഠിക്കുന്ന സ്‌കൂളിലെ പൊതുപരിപാടിയില്‍ വെച്ച് മറ്റൊരു കലക്ടറെയും നേരില്‍ കണ്ടിരുന്നു.

സിനിമയിലെ കലക്ടറും യഥാര്‍ത്ഥ കലക്ടറും

സിനിമയിലെ കലക്ടര്‍ എപ്പോഴും സൂപ്പര്‍ പവര്‍ഫുള്ളാണ്. ജീവിതത്തില്‍ എന്നാലങ്ങനെയല്ല. നമ്മള്‍ ജനിക്കുന്നതിന് മുന്നേയുള്ള ഒരു സിസ്റ്റത്തിന്റെ ഭാഗമായാണ് സിവില്‍സര്‍വ്വീസിലേക്ക് വരുന്നത്. സ്വാഭാവികമായും അതിന് അതിന്റേതായ ചട്ടക്കൂടുകളും നിയമങ്ങളും ഒക്കെയുണ്ട്. അതൊക്കെ പാലിച്ചുകൊണ്ടേ മുന്നോട്ട് പോവാനാവൂ. മാത്രവുമല്ല കലക്ടര്‍ ഒരു ഒറ്റയാള്‍ പട്ടാളവുമല്ല. ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും എല്ലാവരുമുണ്ടാവും. ഇവരെയെല്ലാം കോര്‍ത്തിണക്കി കൊണ്ടു മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. അതോടൊപ്പം ചില പ്രത്യേക സാഹചര്യങ്ങളില്‍ വളരെ പെട്ടെന്ന് റിസ്‌കിയായ തീരുമാനാങ്ങളെടുക്കേണ്ടിവരും. ആ തീരുമാനങ്ങള്‍ സമചിത്തതയോടെയും പക്വതയോടെയും ആയിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ആളുകളുടെ കയ്യടി കിട്ടാന്‍ പോവുന്ന തീരുമാനങ്ങളെടുക്കാനുള്ള അവസരത്തില്‍ പോലും യഥാര്‍ത്ഥ ആവശ്യമറിഞ്ഞുള്ള തീരുമാനമാണ് എടുക്കേണ്ടത്. ശരിയേതാണോ അത് ചെയ്യാന്‍ വേണ്ടിയായിരിക്കണം, അല്ലാതെ സിനിമയിലേത് പോലെ ഗാലറിയുടെ കയ്യടി കിട്ടാന്‍ വേണ്ടിയാവരുത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ തീരുമാനവും ജീവിതവും.

കലോത്സവ ഓര്‍മകള്‍?

സ്‌കൂള്‍ കലോത്സവ വേദികളില്‍ മത്സരയിനങ്ങള്‍ക്കായി ചിലങ്കയണിഞ്ഞും സംഘാടകയായും വ്യത്യസ്ത അനുഭവങ്ങളുടെ മനോഹാരിത ആസ്വദിക്കാനായിട്ടുണ്ട്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങള്‍ പ്രകടമാകുന്ന സ്‌കൂള്‍ കലോത്സവത്തില്‍ യു . പി തലം തൊട്ടു തന്നെ പങ്കെടുത്തിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും പ്രസംഗവുമായിരുന്നു പ്രധാന ഇനങ്ങള്‍. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പല തവണ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കോളജ് തലത്തിലും ഇന്റര്‍ മെഡിക്കോസ് മത്സരങ്ങളിലും പ്രസംഗത്തോടൊപ്പം ഡിബേറ്റുകളിലും ഗ്രുപ്പ് ഡാന്‍സിലും പങ്കെടുത്തിട്ടുണ്ട്. അന്‍പത്തി എട്ടാം സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമ്പോള്‍ സബ് കളക്ടര്‍ എന്ന നിലയില്‍ സംഘാടകത്വത്തിന്റെ ചുമതല നിര്‍വഹിക്കാനായി. അപ്പോഴും മനസില്‍ പഴയ മത്സരാര്‍ത്ഥിയുടെ ആവേശം വിട്ടുമാറിയിരുന്നില്ല. കുട്ടി കാലത്തെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ തിരിച്ചു കിട്ടിയ പ്രിതീതിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കത്തിന് നടത്തിപ്പില്‍ പങ്കാളിയായത്. പതിമൂന്നായിരം കുട്ടികള്‍ മത്സരിക്കുകയും അഞ്ചു ലക്ഷത്തോളം പേര്‍ കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ എത്തിചേരുകയും ചെയ്ത മേളയില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിഞ്ഞതും മത്സരം നടന്ന ഇരുപത്തി നാലു വേദികളുടെ ഓര്‍മക്കായി ഇരുപത്തി നാലു മരങ്ങള്‍ വെച്ചു പിടിപ്പിക്കാനായതും ഓര്‍മ്മകളിലിന്നും തിളിര്‍ത്തുനില്‍ക്കുന്നുണ്ട്.

വായനയിലെ മാറ്റങ്ങള്‍ ?

ലോക പര്യടനം നടത്തിയ അനുഭൂതിയാണ് പുസ്തകങ്ങള്‍ സമ്മാനിക്കാറുള്ളത്.ഒരേ സമയം കടലും കാടും ആകാശവുംകൊടുമുടിയും കാണാനും വിമാനവും തീവണ്ടിയും കപ്പലും കയറി ഇറങ്ങാനും വായനയിലൂടെ സാധിക്കും .
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും രോഗ ഭീതിയോ സുരക്ഷ പ്രശ്‌നങ്ങളോ ഇല്ലാതെ
യുമുള്ള സന്തോഷ യാത്രകള്‍ കൂടിയാണ് പുസ്തകങ്ങള്‍ ഒരുക്കു
ന്നത്.

സാങ്കേതിക വിദ്യയുടെ വികാസം ചിതലരിക്കാത്ത പുസ്തകങ്ങളുടെ ലോകമാണ് വായനക്കാരന് മുന്നില്‍ തുറന്നിട്ടുള്ളത്.
പുസ്തക വില്‍പ്പനയുടെയോ ഗ്രന്ഥശാല സന്ദര്‍ശകരുടെയോ കണക്കെടുപ്പുകളിലൂടെ വായന മരിച്ചുവെന്ന പ്രസ്താവന നടത്തിയാല്‍ അബദ്ധമായി മാറും .അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയുമുള്ള വായനകളില്‍ നിന്ന് ഡിജിറ്റല്‍ ലോക
ത്തേക്കുള്ള ചുവടുവെപ്പുകളാണിപ്പോള്‍ നടക്കുന്നത്. അച്ചടിഗ്രന്ഥങ്ങളോടൊപ്പം തന്നെ ഓണ്‍ലൈന്‍ പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് മാറ്റത്തിന്റെ ലക്ഷണമാണ്.ഭാരം ചുമക്കണ്ട എന്നതും ആരും കടം ചോദിച്ചു വരില്ല എന്നതും ഇ ബുക്കുകളുടെ സവിശേഷത കൂടിയാണ്.

ഭിന്ന സ്വരങ്ങളുടെ പ്രാധാന്യം

മസൂറിയിലെ ഐ എ എസ് പരിശീലന കാലത്ത് അക്കാദമി ഡയറക്ടര്‍ പറഞ്ഞ കപ്പലിന്റെ ഉപമ ഓര്‍മയിലുണ്ട്. കപ്പലില്‍ കടലിലൂടെ യാത്ര ചെയ്യുന്നത് പോലെയാണ് വിദ്യാഭ്യാസ കാലഘട്ടം. നമ്മള്‍ യാത്ര ചെയ്താല്‍ മതിയാവും. പേമാരിയോ കൊടുങ്കാറ്റോ വന്നാല്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥരുണ്ട്.യാ ത്രക്കാരെ സുരക്ഷിതമായി തീരത്തു എത്തിക്കാന്‍ കപ്പിത്താ നുമുണ്ടാവും. കരയില്‍ എത്തിയതിനു ശേഷം യഥാര്‍തിഥ്യങ്ങളെ എങ്ങനെ നേരിടുന്നു എന്നത് പോലെയാണ് പഠന കാലത്തിനു ശേഷമുള്ള ജീവിതവും. സമ്മര്‍ദ്ധങ്ങളെ അതി ജയിക്കാന്‍ കഴിയണം. ഓരോരുത്തരുടെയും ആശയങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവ വ്യത്യസ്തമായിരിക്കും.വിഭിന്ന സ്വരങ്ങളെ കേള്‍ക്കാന്‍ കഴിയണം.ആവശ്യമായതു സ്വാംശീകരിക്കാനും സാധിക്കണം.മാറ്റങ്ങളുടെയും ഉള്‍കൊള്ളലുകളുടെയും ശീലവല്‍ക്കരണത്തിലാണ് വിജയം കുടികൊള്ളുന്നത്

webdesk11: