കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി നിരന്തരം പ്രഖ്യാപിക്കുമ്പോള്‍ സിഐടിയു സമരത്തെ തുടര്‍ന്ന് ഒരു സ്ഥാപനം കൂടി പൂട്ടി. മാടായിയിലെ ശ്രീപോര്‍ക്കലി സ്റ്റില്‍ ആണ് ഇന്നലെ പൂട്ടിയത്. ജീവന് ഭീഷണിയുള്ളതിനാല്‍ സ്ഥാപനം പൂട്ടുന്നതായി ഉടമ ടിവി മോഹന്‍ലാല്‍ അറിയിച്ചു.
സ്ഥാപനം ആരംഭിച്ച് 52 ദിവസം പിന്നിട്ടിട്ടും സമരം കാരണം സാധനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അറുപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായി ഉടമ പറഞ്ഞു. സ്ഥാപനം ആരംഭിച്ച് ദിവസങ്ങള്‍ കഴിയുംമുമ്പെ സമരവുമായി സിപിഎം രംഗത്ത് എത്തിയിരുന്നു. കച്ചവടത്തിന് വാടകയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണ് സിഐടിയു സമരം നടത്തുന്നത്. ഇതിനെതിരെ തളിപ്പറമ്പ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭീഷണിയുള്ളതിനാലാണ് സ്ഥാപനം പൂട്ടുന്നതെന്ന് ഉടമ പറഞ്ഞു.
മാതമംഗലത്ത് ലോഡ് ഇറക്കാന്‍ ഉടമകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും അവഗണിച്ചാണ് സിഐടിയു സമരം. ഇത് വിവാദമായതോടെ ചര്‍ച്ചയിലൂടെപ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ മാടായിയില്‍ സിഐടിയു ചര്‍ച്ചക്ക് തയ്യാറായില്ലെന്ന് ഉടമ പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും തൊഴില്‍ സംരക്ഷണത്തിനാണ് സമരമെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു.
സി.പി.എമ്മില്ലാത്ത നാട്ടില്‍ അഫ്‌സലിന്റെ സ്ഥാപനം തുറക്കുന്നു
കണ്ണൂര്‍: മാതമംഗലത്തെ സിഐടിയു അക്രമത്തെ തുടര്‍ന്ന് സംരംഭം അടച്ചു പൂട്ടിയ അഫ്‌സലിന്റെ സ്ഥാപനം വീണ്ടും തുറക്കുന്നു. മാതമംഗലം ടൗണില്‍ അടച്ചു പൂട്ടിയ എജെ സെക്വര്‍ സെല്യൂഷനാണ് അബുദാബിയില്‍ തുറക്കുന്നത്. സിപിഎം പാര്‍ട്ടി ഗ്രാമമായ മാതമംഗലത്ത് സിഐടിയു സമരം അവഗണിച്ച് എസ്ആര്‍ അസോസിയേറ്റ് എന്ന സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്റെ പേരിലാണ് സിഐടിയു പ്രവര്‍ത്തകര്‍ അഫ്‌സലിനെ ക്രൂരമായി മര്‍ദിച്ചത്. അക്രത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ അഫ്‌സലിനെയും സഹോദരിയെയും വീണ്ടും അക്രമിച്ചതോടെ പ്രതീക്ഷ നഷ്ടപ്പെട്ടാണ് ഇദ്ദേഹം സ്ഥാപനം അടച്ച് അബുദാബിയില്‍ എത്തിയത്. സംഭവം വിവാദമായതോടെ തൊഴില്‍ വകുപ്പ് എസ്ആര്‍ അസോസിയേറ്റ്‌സ് ഉടമയും തൊഴിലാളി യൂണിയനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സ്ഥാപനം തുറക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇവിടെ സാധനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ അക്രമത്തിനിരയായ അഫ്‌സലിന്റെ സ്ഥാപനം തുറക്കാന്‍ അനുവദിച്ചിരുന്നില്ല.
അബുദാബിയിലെ കെഎംസിസി പ്രവര്‍ത്തരുമായി ചേര്‍ന്നാണ് തന്റെ പുതിയ സംരംഭമെന്ന് അഫ്‌സല്‍ പറഞ്ഞു. സെക്യൂരിറ്റി ഉല്‍പന്നങ്ങളും യൂസ്ഡ് ലാപ്‌ടോപ്പുകളും ഐഫോണുകളും ക്യാമറകളും സ്ഥാപനത്തിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഗള്‍ഫിലായിരുന്ന അഫ്‌സല്‍ കോവിഡ് കാലത്താണ് നാട്ടില്‍ തിരിച്ചെത്തി സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ സിഐടിയു സമരം നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി എന്ന കാരണത്താലാണ് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത്. പല തവണ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കട അടച്ച് ജീവിതവഴി തേടി വീണ്ടും ഗള്‍ഫില്‍ എത്തിയത്. നാട്ടിലെ അതേ സ്ഥാപനമാണ് ഗള്‍ഫില്‍ ആരംഭിച്ചതെന്ന് അഫ്‌സല്‍ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമാണെന്ന് പ്രഖ്യാപിക്കുന്നതിനിടയിലാണ് സൈബര്‍ സെക്യൂരിറ്റിയില്‍ പരിജ്ഞാനമുള്ള യുവ സംരംഭകന് ഈഗതിയുണ്ടായത്.