കള്ളുഷാപ്പിലെ വാക്തര്‍ക്കത്തില്‍ ഒരാളെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാനെട്ടിയ ഒല്ലൂര്‍ സി.ഐ ടി.പി. ഫര്‍ഷാദിനും പൊലീസുകാരന്‍ വിനീതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും സി.പി.ഒ വിനീതിനെ തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പടവരാടിലെ കള്ളുഷാപ്പില്‍ പടവരാട് എലവള്ളി വീട്ടില്‍ അനന്തുവും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനന്തു അയാളെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. എന്നാല്‍, അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് സമീപത്തെ കോഴി ഫാം പരിസരത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. എന്നാല്‍ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തിയെടുത്ത് വീശുകയായിരുന്നു.
ഏറ്റുമുട്ടലിനിടെ സി.ഐയുടെ ചുമലിലും കൈക്കും കുത്തേറ്റു. സി.പി.ഒ വിനീതിനും പരിക്കേറ്റു. നേരത്തേ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു.